കൊല്ലം: കോഴിക്കുഞ്ഞിനെ വാങ്ങിയ സ്ഥലം, വളർത്തിയ കർഷകൻ, കൊടുത്ത തീറ്റ എന്നിവ ക്യു.ആർ കോഡ് വഴി മനസിലാക്കാവുന്ന വേണാട് ചിക്കനുമായി കോഴിക്കർഷകരുടെ കൂട്ടായ്മ വേണാട് മീറ്റ് പ്രോഡക്ട്സ്. സുരക്ഷിത ചിക്കൻ ഉപഭോക്താവിനും ന്യായവില കർഷകനും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി ജെ. ചിഞ്ചുറാണി പോരുവഴിയിൽ നിർവഹിക്കും. തിരഞ്ഞെടുത്ത ഫാമുകളിൽ കർശന സുരക്ഷാ നിബന്ധനകളോടെ വളർത്തുന്ന കോഴികളെയാണ് പാക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നത്. പൂർണമായും യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇറച്ചിക്കോഴി സംസ്കരിക്കുന്നത്. ഓരോ പായ്ക്കറ്റിലും ഇറച്ചിയുടെ ഉറവിടം അറിയാൻ കഴിയുന്ന ക്യു.ആർ കോഡുണ്ടാകും. മണിക്കൂറിൽ അഞ്ഞൂറോളം കോഴികളെ സംസ്കരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വിനു മംഗലത്ത് അദ്ധ്യക്ഷത വഹിക്കും. കൺവെയർ സിസ്റ്റത്തിന്റെ ഉദ്‌ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കും. വേണാട് ചെയർമാൻ ഡോ. കെ. ചന്ദ്രപ്രസാദ്, നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ, വേണാട് മീറ്റ് പ്രോഡക്ട്സ് ജനറൽ സെക്രട്ടറി ഷിലിൻ തുടങ്ങിയവർ പങ്കെടുക്കും. 500ഓളം കോഴികർഷകർക്ക് ഓഹരിയുള്ള സ്ഥാപനമാണ് വേണാടെന്ന് ഡയറക്ടറും ചെയർമാനുമായ ഡോ. കെ. ചന്ദ്രപ്രസാദ്, പി.കെ. രാമചന്ദ്രൻ, ഷാരിയർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.