photo
ഒരു വർഷത്തിലേറെയായി മെറ്റിൽ ഇളക്കിയിട്ടിരിക്കുന്ന റോഡ്

റോഡ് നിർമ്മാണത്തിൽ മെല്ലെപ്പോക്ക്:
പ്രക്ഷോഭത്തിനൊരുങ്ങി യാത്രക്കാർ

കരുനാഗപ്പള്ളി: റോഡ‌് നിർമ്മാണത്തിലെ മെല്ലെപ്പോക്കിനെതിരെ കരുനാഗപ്പള്ളിയിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തിനുമുമ്പ് പുനരുദ്ധാരണം ആരംഭിച്ച ഹൈസ്കൂൾ ജംഗ്ഷൻ - ആമ്പാടി ജംഗ്ഷൻ റോഡിന്റെ നിർമ്മാണമാണ് അനന്തമായി നീളുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ട് ചെറിയ പാലങ്ങൾ പൊളിച്ച് പുതിയത് നിർമ്മിക്കൽ, അപ്രോച്ച് റോഡുകളുടെ നവീകരണം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. റോഡ്, പാലം എന്നിവയുടെ നിർമ്മാണത്തിനായി 2 കോടി രൂപ ബഡ്ജറ്റിൽ അനുവദിക്കുകയുംചെയ്തു. നിലവിലുള്ള പഴയ പാലങ്ങൾ പൊളിച്ച് പണിയുന്നതിനുള്ള പ്രവർത്തനം ഒരുവർഷത്തിന് മുമ്പാണ് ആരംഭിച്ചത്. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് റോഡിലെ ടാറിംഗ് പൊളിച്ചിടുകയും ചെയ്തതോടെ ഇതുവഴിയുള്ള വാഹന, കാൽനട യാത്ര ദുഷ്ക്കരമായി. മാസങ്ങൾ പിന്നിട്ടിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജീവൻവെച്ചത്. കരാറുകാരന്റെ അലംഭാവമാണ് നിർമ്മാണ പ്രവർത്തനം നീളാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

റോഡും പരിസരവും പൊടിപടലം

മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ടാറിംഗിന് മുന്നോടിയായി റോഡിൽ മെറ്റിലിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ മഴയായിരുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ മെറ്റിലിൽ നിന്ന് പൊടി ഉയരാറില്ലായിരുന്നു. മഴ മാറിയതോടെ വാഹനങ്ങൾ പോകുമ്പോൾ റോഡും പരിസരവും പൊടിപടലം കൊണ്ട് നിറയുന്ന സ്ഥിതിയാണ്. റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർ പൊടിപടലത്താൽ വലയുകയാണ്. വീടിന്റെ കതകുകളും ജന്നലുകളും തുറക്കാൻ പോലും കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. എത്രനാൾ ഇത് തുടരുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ ഉദ്യാഗസ്ഥർക്കും ഉത്തരമില്ല.

വാഹനാപകടങ്ങൾ

വലിയ വാഹനങ്ങളുടെ പിന്നിൽ പോകുന്ന ചെറുവാഹനങ്ങൾ പൊടിയുടെ ശല്യം മൂലം അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി, മഴ എന്നിവയുടെ പേരിൽ പണി നീട്ടിക്കൊണ്ടുപോകുന്നത് പതിവായിരുന്നു. ബന്ധപ്പെട്ട ഓഫീസിൽ നിന്ന് നരവധി തവണ കരാറുകാരന് നോട്ടീസ് നൽകിയതായും അറിയുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ റോഡിലെ ടാറിംഗ് ഉടൻ പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.