phot
കല്ലട ഇറിഗേഷൻെറ നിയന്ത്രണത്തിലുളള തെന്മല പഞ്ചായത്തിലെ ചെറുതന്നൂർ-ഇടമൺ സത്രം വലത് കര കനാൽ റോഡ് കതർന്ന നിലയിൽ

ചെറുതന്നൂർ - ഇടമൺ സത്രം കനാൽ റോഡ് തകർന്നിട്ട് വർഷങ്ങൾ

പുനലൂർ: കല്ലട ഇറിഗേഷന്റെ നിയന്ത്രണത്തിലുള്ള തെന്മല ഗ്രാമ പഞ്ചായത്തിലെ ചെറുതന്നൂർ - ഇടമൺ സത്രം കനാൽ റോഡ് തകർന്നിട്ടും നന്നാക്കാൻ നടപടിയില്ല. 27 വർഷം മുമ്പ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയ കനാൽ റോഡിലെ ചെറുതുന്നൂർ മുതൽ ഇടമൺ സത്രം ജംഗ്ഷന് സമീപത്ത് വരെയുള്ള രണ്ട് കിലോമീറ്റർ റോഡാണ് തകർന്ന് തരിപ്പണമായത്. കനത്ത മഴയിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ട കനാൽ റോഡ് വഴിയുള്ള വാഹന,​ കാൽനട യാത്ര ഏറെ ദുഷ്കരമാണ്. കനാൽ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും അടുത്ത നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളും ബഹിഷ്കരിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇടമൺ സത്രം-റെയിൽവേ സ്റ്റേഷൻ റോഡ് മുതൽ ഉറുകുന്ന് വരെയുളള കനാൽ റോഡും ചെറുതന്നൂർ മുതൽ പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡുമാണ് കഴിഞ്ഞ വർഷം റീ ടാറിംഗ് നടത്തിയത്. ഈ രണ്ട് റോഡുകൾക്കും ഇടയിലുള്ള രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.

കാട്ടു പന്നികളുടെ ശല്യം

ചെറുതന്നൂർ - ഇടമൺ സത്രം കനാൽ റോഡിൽ രാത്രിയിൽ കാട്ടു പന്നികളുടെ ശല്യം വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. അതുകൊണ്ടുതന്നെ രാത്രിയിൽ ഈ റോഡിലൂടെ സഞ്ചരിക്കാൻ ജനങ്ങൾ മടിക്കുകയാണ്. സമീപത്തെ വനത്തിൽ നിന്ന് എത്തുന്ന കാട്ടു പന്നികളാണ് കനാൽ പാതയിൽ കയറുന്നത്.

1500 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ്

1500 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന കാർഷിക മേഖലയിലൂടെ കടന്നുപോകുന്ന കനാൽ റോഡാണ് തകർന്ന് തരിപ്പണമായത്. ചാലിയക്കര, ചെറുകടവ്, ഉപ്പുകുഴി, ചെറുതന്നൂർ, വാഴവിള തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ താമസക്കാർ ഇടമൺ സത്രം, വെള്ളിമല ജംഗ്ഷനുകളിലെത്തുന്ന സമാന്തര റോഡാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. രണ്ട് കിലോമീറ്ററോളം തകർന്ന് കിടക്കുന്ന കനാൽ റോഡിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ കഴിഞ്ഞ വർഷം മുൻ മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. തുടർന്നുള്ള ഭാഗമാണ് റീ ടാറിംഗ് നടത്തേണ്ടത്.