 
കരുനാഗപ്പള്ളി : കുന്നത്തൂർ, കരുനാഗപ്പള്ളി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ജലജീവൻ മിഷന്റെ സമഗ്ര കുടിവെള്ള പദ്ധതി 307 കോടി രൂപ ചെലവിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ കുടിവെള്ള പദ്ധതിയുടെയും ജലജീവൻ മിഷൻ പദ്ധതികളുടെയും അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി മണ്ഡലത്തിൽ വേനൽക്കാലത്ത് കുടിവെള്ളക്ഷാമമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കാനും കുലശേഖരപുരം, ആലപ്പാട്, ഓച്ചിറ, ക്ലാപ്പന തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളലഭ്യത ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ പ്രവർത്തനരഹിതമായ പൊതുടാപ്പുകൾ ജല അതോറിറ്റിയും തദ്ദേശ വകുപ്പും പരിശോധന നടത്തി പ്രവർത്തനസജ്ജമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ജലജീവൻ പദ്ധതിയുടെ ഒന്നാംഘട്ടം 2022 മെയ് 21നുള്ളിൽ ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളിൽ പൂർത്തിയാക്കുമെന്നും ഓച്ചിറ പഞ്ചായത്തിൽ 1079 കണക്ഷനും ക്ലാപ്പന പഞ്ചായത്തിൽ 273 കണക്ഷനും നൽകിയതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, ഡെപ്യൂട്ടി തഹസിൽദാർ എസ്. സജീവ്, പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ സബീർ റഹീം, പി.എച്ച് സർക്കിൾ എക്സിക്യുട്ടീവ് എൻജിനിയർ ഷീജ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ മുഹമ്മദ് റാഷിദ്, അസിസ്റ്റന്റ് എൻജിനിയർമാരായ വിഷ്ണു, അശോക് കുമാർ, രതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറിമാരായ മനോജ്, രാജേന്ദ്രൻ, ജെ.എസ്‌മാരായ കെ. വത്സല, ടി.സി. സിദ്ദിഖ്, എം. മനോജ് കുമാർ, ഓവർസിയർ ഇ.എസ്. ശരത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.