പത്തനാപുരം: പട്ടാഴി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയിച്ചത്തിന് പിന്നാലെ കോൺഗ്രസ് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം. സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആഹ്ലാദപ്രകടനത്തിൽ മൈക്ക് ഉപയോഗിച്ചത് സി.പി.എം ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പട്ടാഴി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ പതിനൊന്ന് സീറ്റിലും യു.ഡി.എഫ് വിജയിച്ചിരുന്നു.