t
മുഹമ്മദ് അയാൻ

കൊല്ലം: രാജ്യത്തി​ന്റെ ഭരണാധി​കാരി​കൾ, സംസ്ഥാനങ്ങൾ, സംസ്ഥാന തലസ്ഥാനങ്ങൾ... പൊതു​വി​ജ്ഞാന മേഖലയി​ലെ ഒരുവി​ധപ്പെട്ട ചോദ്യങ്ങൾക്കൊക്കെ രണ്ടര വയസുകാരൻ മുഹമ്മദ് അയാന് കൃത്യമായ ഉത്തരമുണ്ട്. മണി​മണി​പോലെയുള്ള മറുപടിയി​ലൂടെ വി​വി​ധ റെക്കാഡ് ബുക്കുകളി​ൽ ഇടംപടി​ച്ച അയാന്റെ കഴി​വി​നെ നമിക്കാതെ നി​വൃത്തി​യി​ല്ല!

കരിക്കോട് ടി.കെ.എം കോളേജിന് സമീപം തെക്കേക്കര വീട്ടിൽ ഷിഹാബുദ്ദീന്റെയും ഷംസത്തിന്റെയും ഇളയമകനായ അയാൻ നാട്ടി​ലെ താരമായി​രി​ക്കുകയാണ്. ലോകപ്രശസ്തരായ നൂറ് വ്യക്തികളുടെ പേരുകൾ ചിത്രങ്ങൾ നോക്കി നാലുമിനിട്ടുകൊണ്ട് പറഞ്ഞാണ് ബുക്ക് ഓഫ് റെക്കാഡുകളിൽ ഇടം നേടിയത്. ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്‌സ്, കലാം ബുക്ക് ഒഫ് റെക്കാഡ്‌സ്, യു.കെ.എഫ് ഏഷ്യൻ റെക്കാഡ്‌സ് എന്നിവയാണ് അയാൻ സ്വന്തമാക്കിയത്.

സഹോദരി ആസിയയുമായുള്ള കളികൾക്കിടയിൽ അവൾ പറഞ്ഞുപഠിപ്പിച്ചവ പെട്ടെന്നുതന്നെ അയാൻ ഹൃദിസ്ഥമാക്കി​യിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ അവന്റെ മി​ടുക്ക് കൂടി​. ക്രമം തെറ്റാതെ ജില്ലകളുടെ പേരുകൾ, ഓരോ സംസ്ഥാനത്തിന്റെയും തലസ്ഥാന പേരുകൾ, ദേശീയ പക്ഷി, മൃഗം തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ അയാൻ ക്ഷണനേരത്തി​നി​ടെ ഉത്തരം പറയും. അക്ഷരങ്ങൾ പഠിച്ചുതുടങ്ങും മുൻപേ ഇംഗ്ലീഷ് അക്ഷരങ്ങളും അവയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും തിരിച്ചറിഞ്ഞ് പറയുന്നുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളേക്കാൾ യൂണിഫോമിലുള്ള പൊലീസുകാരും അവരുടെ വാഹനങ്ങളുമൊക്കെയാണ് അയാന്റെ സൂപ്പർ ഹീറോസ്. അൻസിയയും ആസിയയുമാണ് ജേഷ്ഠസഹോദരിമാർ. പിതാവ് ഷിഹാബുദ്ദീൻ കെ.എസ്.ഇ.ബി കൊട്ടിയം സെക്ഷനിലെ ജീവനക്കാരനാണ്.