
കൊല്ലം: കശുഅണ്ടി കയറ്റുമതിയിലും ഇറക്കുമതിയിലും 2014ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയംമാറ്റമാണ് മേഖലയെ വല്ലാതെ ഉലച്ചുകളഞ്ഞത്. വിദേശരാജ്യങ്ങളിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുമ്പോൾ 9 ശതമാനം നികുതി ഈടാക്കുകയും സംസ്കരിച്ച കശുഅണ്ടി കയറ്റുമതി ചെയ്യുമ്പോൾ ആനുപാതികമായ കുറവ് വരുത്തുകയും ചെയ്യുന്നതായിരുന്നു പുതിയ നയം.
ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയുടെ തൂക്കത്തിന്റെ 25 ശതമാനമെങ്കിലും (സംസ്കരിച്ച ശേഷം) കയറ്റുമതി ചെയ്യണമെന്ന നിർദ്ദേശമാണ് പാലിക്കാനാവാത്തത്. കയറ്റുമതി ചെയ്യാൻ കഴിയുന്നവ പൂർണ്ണമായ പരിപ്പായിരിക്കണമെന്നിരിക്കെ 25 ശതമാനം തൂക്കം പാലിക്കാൻ കേരളത്തിലെ കശുഅണ്ടി മേഖലയിൽ സാദ്ധ്യമായില്ല. കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാൻ 10 ലക്ഷം രൂപ കെട്ടിവയ്ക്കുകയോ തത്തുല്യ തുകയ്ക്കുള്ള ബാങ്ക് ഗാരണ്ടി നൽകുകയോ വേണമെന്ന നിർദ്ദേശവും പ്രതിസന്ധിയായി.
പണം കെട്ടിവയ്ക്കണമെന്ന നിബന്ധന വന്നപ്പോൾത്തന്നെ ഫാക്ടറി ഉടമകളിൽ പലരും പിന്നാക്കം പോയി. കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളെ സഹായിക്കാനാണ് പുതിയ നയമെന്ന് ചെറുകിടക്കാർ ആരോപിക്കുന്നു. ഇടനിലക്കാർ വഴി മാത്രം കശുഅണ്ടി ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായി കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ അധികാരം അടുത്തിടെ കേന്ദ്ര വാണിജ്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
# കഴുത്തിനു പിടിച്ച് നികുതി വിഭാഗം
വാറ്റിൽ നിന്ന് ജി.എസ്.ടിയിലേക്ക് നികുതി ഘടന മാറിയതോടെ 2017 വരെയുള്ള കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്ന വാദവുമായാണ് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥർ നിലവിൽ വ്യവസായികളെ ദ്രോഹിക്കുന്നത്. ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർ 2017ന് മുൻപുള്ള വാങ്ങൽ, വില്പന ബില്ലുകൾ ഹാജരാക്കണമെന്ന വിചിത്ര നിർദ്ദേശവുമുണ്ട്. കണക്കുകൾ കൃത്യമാണെന്ന് സാക്ഷ്യപ്പെടുത്തി അവയിൽ നിന്നുള്ള നികുതി ഈടാക്കി വർഷങ്ങൾക്ക് ശേഷം സംശയം ഉന്നയിച്ച് ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യവസായികൾ പറയുന്നു. പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ പോലും ശിക്ഷിക്കേണ്ടത് അന്ന് നികുതി സ്വീകരിച്ച ഉദ്യോഗസ്ഥരെയാണെന്ന കാര്യം സൗകര്യപൂർവം മറക്കുകയാണ് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥരും അധികൃതരും.
# എന്തിനോ ഒരു യോഗം!
സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയുടെ യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്നെങ്കിലും ഒരു കാര്യത്തിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. കശുഅണ്ടി മേഖലയിൽ പുനരുജ്ജീവന പാക്കേജുകൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് വരുന്നതുവരെ ജപ്തിയുൾപ്പെടെയുള്ള മറ്റ് നടപടികൾ സ്വീകരിക്കരുതെന്ന നിർദ്ദേശവും ഉണ്ടായിരുന്നു. അതൊക്കെ മറികടന്ന് ജപ്തി നടപടികളുമായി മുന്നോട്ട് പോകുകയാണ് ബാങ്കുകൾ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ബാങ്കുകളുടെ പ്രതിനിധികൾ അസ്വസ്ഥതയോടെയാണ് പങ്കെടുത്തത്. 17ന് വീണ്ടും യോഗം ചേരാമെന്ന തീരുമാനം മാത്രമാണ് അന്നുണ്ടായത്.