കരുനാഗപ്പള്ളി: സി.പി.എം കരുനാഗപ്പള്ളി ഏരിയാസമ്മേളനം 10 ,11 ,12 തീയതികളിൽ കരുനാഗപ്പള്ളി ടൗൺ ഹാളിൽ നടക്കും. സമ്മേളനത്തിന്റെ പ്രചാരണാർത്ഥം വെളുത്തമണലിൽ സംഘടിപ്പിച്ച സെമിനാർ അഡ്വ. കെ. സോമപ്രസാദ് എം.പി,​ ക്ലാപ്പനയിൽ നടന്ന സെമിനാർ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ,​ ആലപ്പാട്ട് സംഘടിപ്പിച്ച സെമിനാർ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബെയ്സിൽലാൽ എന്നിവർ ഉദ്ഘാടനം ചെയ്തു. പുത്തൻതെരുവിൽ നടന്ന യൂത്ത് അസംബ്ലി കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് വിഷയാവതരണം നടത്തി. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം വി.പി. ശരത്പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ടി.ആർ. ശ്രീനാഥ് അദ്ധ്യക്ഷനായി. ആർ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരവും വഹിച്ചുകൊണ്ടുള്ള ജാഥ കല്ലേലിഭാഗത്ത് ഇ. ഭാസ്കരൻ നഗറിൽ നിന്ന് ആരംഭിക്കും. വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ സമ്മേളന നഗറിൽ ഗാനസന്ധ്യ അരങ്ങേറും. ശനിയാഴ്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രൻ, കെ. വരദരാജൻ, സൂസൻകോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എക്സ്. ഏണസ്റ്റ്, ബി. തുളസീധരകുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.