കൊട്ടാരക്കര: അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നഗരസഭയിലെ എന്യൂമറേറ്റർമാർക്കും ബന്ധപ്പെട്ട വാർഡുതല ഉദ്യോഗസ്ഥർക്കുമായി ഏകദിന പരിശീലന പരിപാടി നടത്തി. നാഥൻ പ്ളാസ ഒാഡിറ്റോറിയത്തിൽ നടന്ന പരിശീലനം നഗരസഭ ചെയർമാൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. കില ആർ.പിയും കോ ഓർഡിനേറ്ററുമായ ബി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ളാസുകൾ. നഗരസഭ ഭരണസമിതി, ഉദ്യോഗസ്ഥ സമിതി, ജനകീയ സമിതി, വാർഡുതല ജനകീയ സമിതി എന്നീ വിഭാഗങ്ങൾക്കായി കിലയുടെ നേതൃത്വത്തിൽ നേരത്തേ പരിശീലനം നൽകിയിരുന്നു. അടുത്ത ഘട്ടമെന്ന നിലയിലാണ് എന്യൂമറേറ്റർമാർക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയത്. ഫോക്കസ് ഗ്രൂപ്പുകൾ കൂടേണ്ടതെങ്ങനെ, മൊബൈൽ ആപ്പ് വഴി അതിദരിദ്രരുടെ പേരുകൾ എങ്ങനെ ഉൾപ്പെടുത്താം തുടങ്ങിയവയാണ് പഠിപ്പിച്ചത്. ഒരു വാർഡിൽ നിന്ന് രണ്ട് എന്യൂമറേറ്റർമാരും ഒരു ഉദ്യോഗസ്ഥനുമാണ് പങ്കെടുത്തത്. തുടർന്ന് ഈ ആഴ്ചയിൽത്തന്നെ വാർഡുതല ഫോക്കസ് ഗ്രൂപ്പുകൾ വിളിച്ചുചേർക്കും. ഒരു വാർഡിൽ നാലിൽ കൂടുതൽ ഫോക്കസ് ഗ്രൂപ്പുകളാണ് ചേരുക. ചർച്ച ചെയ്ത് അതിദരിദ്രരുടെ പ്രാഥമികപ്പട്ടിക തയ്യാറാക്കും. പിന്നീട് ഗ്രാമസഭകൾ വിളിച്ചുചേർത്ത് ഇതിൽ അവതരിപ്പിച്ചാണ് അന്തിമപ്പട്ടിക തയ്യാറാക്കുന്നത്. സൂപ്പർ ചെക്കിംഗ് നടത്തി അനർഹരെ ഒഴിവാക്കുകയും ചെയ്യും. നഗരസഭയിലെ ഒരു ഫോക്കസ് ഗ്രൂപ്പിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.