ഓച്ചിറ: ക്ലാപ്പനയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ക്ലാപ്പന ആനന്ദന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം നിർമ്മിച്ചു നൽകുന്ന രശ്മി ആനന്ദഭവനത്തിന്റെ ശിലാസ്ഥാപനം 9 വ്യാഴാഴ്ച്ച രാവിലെ 11.45ന് നടക്കും. ക്ലാപ്പന ആനന്ദന്റെ ഭാര്യ ലതിക ആനന്ദനാണ് ശിലാസ്ഥാപനം നിർവഹിക്കുന്നത്. പദ്ധതിയനുസരിച്ച് എല്ലാവർഷവും ഒരു ഗുണഭോക്താവിന് വീട് നിർമ്മിച്ച് നൽകുന്നുണ്ട്. രണ്ടാംവർഷത്തെ ഗുണഭോക്താവ് ക്ലാപ്പന ആറാം വാർഡിലെ കടപ്പുറത്തേരിൽ കിഴക്കതിൽ പരേതനായ രാധാകൃഷ്ണന്റെ കുടുംബമാണ്.

രവീന്ദ്രൻ രശ്മി, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. രാജപ്പൻ, ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി എസ്. സുരേഷ്, പ്രൊ. ഡോ. പി. പത്മകുമാർ എന്നിവരടങ്ങിയ സമിതിയാണ് ഗുണഭോക്താവിനെ തിരഞ്ഞെടുത്തത്.

സി.ആർ. മഹേഷ് എം.എൽ.എ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ മിനിമോൾ, അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. ജി. സുമിത്രൻ, പി.കെ. ബാലചന്ദ്രൻ, പി.ആർ. വസന്തൻ, കെ.ആർ. രാജേഷ്, അലക്സ് കോശി, ക്ലാപ്പന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, ഗ്രാമ പഞ്ചായത്തംഗം വി. ഷീജ, ടി.എൻ. വിജയകൃഷ്ണൻ, ജെ. കുഞ്ഞിചന്തു, എം. ഇസ്മയിൽ തുടങ്ങിയവർ പങ്കെടുക്കും.

ക്ലാപ്പന ആനന്ദന്റെ മാതാവും രശ്മി ഹാപ്പി ഹോം മാനേജിംഗ് ഡയറക്ടറുമായ രവീന്ദ്രൻ രശ്മിയാണ് ഭവനത്തിന്റെ നിർമ്മാണച്ചെലവ് വഹിക്കുന്നത്. ക്ലാപ്പന ആനന്ദന്റെ ചരമവാർഷിക ദിനമായ ജൂൺ 22ന് വീടിന്റെ താക്കോൽദാനം നിർവഹിക്കുമെന്ന് അദ്ദേഹത്തിന്റെ മകൾ കൂടിയായ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, കെ. രാജപ്പൻ, എസ്. സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.