
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കൗൺസലിംഗ് സെന്റർ സ്ഥാപിക്കും. ഇതോടൊപ്പം റീഡിംഗ് റൂം, പഠനമുറി എന്നിവയും സജ്ജീകരിക്കും. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ നിന്ന് വിദ്യാർത്ഥികളെയും യുവജനങ്ങളെയും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗൺസലിംഗ് സെന്റർ ആരംഭിക്കുന്നത്. ഇവിടെ സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ഉറപ്പാക്കും. സംസ്ഥാനത്തെ ഡീ അഡിക്ഷൻ സെന്ററുകളുടെ വിവരങ്ങളും ചികിത്സാ സംബന്ധമായ അറിവുകളും ഇവിടെ നിന്ന് ലഭിക്കും. ലഹരിക്ക് അടിമപ്പെട്ട് ചികിത്സ ആവശ്യമായവരെ ഇവിടെയെത്തിക്കാനുള്ള സേവനവും ഓഫീസിൽ നിന്ന് ലഭിക്കും.
താലൂക്കിലെ സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്, എൻ.സി.സി, എൻ.എസ്.എസ് എന്നിവയിൽ അംഗങ്ങളായ കുട്ടികൾക്ക് ലഹരിക്കെതിരെയുള്ള ബോധവത്കരണ പുസ്തകങ്ങൾ റീഡിംഗ് റൂമിൽ നിന്ന് സൗജന്യമായി വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ആരംഭിക്കുന്ന പഠനമുറിയിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ താലൂക്കിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നുണ്ട്. ഡിസംബർ പകുതിയോടെ വിമുക്തിമുറി എന്ന ആശയത്തിലൂന്നിയ കൗൺസലിംഗ് സെന്റർ കരുനാഗപ്പള്ളി റേഞ്ച് ഓഫീസിൽ സജ്ജമാകും. റേഞ്ച് ഓഫീസിലെ വിമുക്തി കോ ഒാഡിനേറ്റർ പി.എൽ. വിജിലാലും ഇൻസ്പെക്ടർ പ്രസന്നനും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.