കൊട്ടാരക്കര: മർദ്ദനത്തിൽ ചെവിയ്ക്ക് സാരമായി പരിക്കേറ്റയാൾക്ക് കൊട്ടാരക്കര പൊലീസ് അയ്യായിരം രൂപയുടെ ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കിയതായി പരാതി. സി.ഐ ജോസഫ് ലിയോണിനെതിരെയാണ് പരിക്കേറ്റ താമരക്കുടി സ്വദേശിയായ വിനോദ് ഉന്നത പൊലീസ് അധികൃതർക്കും എസ്.സി - എസ്.ടി കമ്മിഷനുമടക്കം പരാതി നൽകിയത്. നവംബർ 17ന് ആണ് വീടിന് സമീപത്ത് മണ്ണ് വെട്ടിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിനോദിന് മർദ്ദനമേറ്റത്. അന്നുതന്നെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. അയ്യായിരം രൂപ വാങ്ങി നൽകാമെന്നും കേസുമായി മുന്നോട്ട് പോകേണ്ടെന്നും സി.ഐ ഉപദേശിച്ചു. താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയശേഷം വിനോദ് വീണ്ടും പരാതിയുമായി നവംബർ 27ന് കൊട്ടാരക്കര സ്റ്റേഷനിലെത്തി. എന്നാൽ വിനോദിനെ പൊലീസ് ലോക്കപ്പിൽ കയറ്റി നിറുത്തി അസഭ്യം പറയുകയായിരുന്നു. കേസിന്റെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടപ്പോൾ ഡ്യൂട്ടിയിലുള്ള മറ്റൊരു പൊലീസുകാരനും കൈക്കൂലി ആവശ്യപ്പെട്ടതായി വിനോദ് ആരോപിച്ചു.