
കൊല്ലം: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ ജീപ്പിന് മുന്നിൽ ബുള്ളറ്റ് നിറുത്തി പൊലീസുകാരനെ ആക്രമിച്ചയാൾ പിടിയിൽ. നെടുമ്പന മുട്ടയ്ക്കാവ് നവാസ് മൻസിലിൽ നൗഷാദ് (കെറു-48) ആണ് അറസ്റ്റിലായത്.
കണ്ണനല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരുണിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കുളപ്പാടം തൈക്കാവ് മുക്കിന് സമീപം ആക്രമണമുണ്ടായത്. ബുള്ളറ്റിൽ വന്ന നൗഷാദ്, പ്രകോപനമൊന്നുമില്ലാതെ ജീപ്പിന് കുറുകെ വണ്ടി നിറുത്തുകയും അസഭ്യം വിളിക്കുകയുമായിരുന്നു. പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അരുണിന്റെ കൈ പിടിച്ച് തിരിച്ച് തള്ളി താഴെയിടുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തത്. തുടർന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ നല്ലിലയുളള സിനിമ തീയേറ്ററിൽ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സജീവ്, രാജേന്ദ്രൻപിള്ള തുളസീധരൻപിള്ള, എ.എസ്.ഐമാരായ സതീഷ്, ബിജു, പ്രദീപ്, സി.പി.ഒ മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.