 
പുനലൂർ: ശക്തമായ മഴയെ തുടർന്ന് കിഴക്കൻ മലയോരമേഖലയിലെ ഉൾവനത്തിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. ഇതുമൂലം ആര്യങ്കാവിലെ 12 വീടുകളിൽ മലവെളളം ഇരച്ചുകയറുകയും കൂറ്റൻ മതിൽക്കെട്ടുകൾ ഇടിഞ്ഞു വീഴുകയും ചെയ്തു. കൊല്ലം - തിരുമംഗലം ദേശീയപതയിലെ മുരുകൻ പാഞ്ചാലിയിൽ മരം കടപുഴകി വീണ് മൂന്ന് മണിക്കൂറോളം ഗതാഗതം നിലച്ചു. സംഭവം അറിഞ്ഞ് പി.എസ്. സുപാൽ എം.എൽ.എ രാത്രിയിൽ വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.
ആര്യങ്കാവ് മുടുക്കുപത്ത് വയൽ സ്വദേശികളായ വത്സ, ലിജോ, സാബു, രാജൻ, കണ്ണൻ, അനീഷ്, കരിമ്പിൻ തോട്ടം സ്വദേശികളായ ജോയി, ജോസ്, ഗണപതി, കാർത്തികേയൻ തുടങ്ങിയ 12ഓളം പേരുടെ വീടുകളിലാണ് മഴവെളളവും ചെളിയും കയറിയത്. കരയാളർ തോട്ടം സ്വദേശി അന്തോണി, രാജേന്ദ്രൻ പിള്ള എന്നിവരുടെ ഉടമസ്ഥതയിലുള്ള മതിൽ കെട്ടുകൾ മലവെള്ളപ്പാച്ചിലിൽ നിലം പതിച്ചു. തിങ്കളാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ് വ്യാപകനാശം വിതച്ചത്. ആര്യങ്കാവ് തോട്ടിലേക്ക് ഒഴുകിയെത്തിയ മലവെളളം സമീപത്തെ വീടുകളിലും മറ്റും കയറുകയായിരുന്നു.
വീടുകളിലും കടകളിലും വെള്ളംകയറി
മുടുക്കുപത്ത് സ്വദേശികളായ താമസക്കാർ ആര്യങ്കാവ് തോട്ടിൽ വെളളം ഉയരുന്നതുകണ്ട് വീടുകളുടെ ടെറസിൽ കയറി സുരക്ഷിതരായി. ദേശീയപാതയോരത്തെ വീടുകളിലും കടകളിലും ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ നീതി സ്റ്റോറിലും മഴവെളളം കയറി. സഹകരണ ബാങ്കിന്റെ വളം ഡിപ്പോയിലും നീതി സ്റ്റോറിലും നേരത്തേ രണ്ടുതവണ മഴ വെള്ളം കയറി വ്യാപകനാശനഷ്ടം സംഭവിച്ചിരുന്നു. ബാങ്കിന്റെ മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ഓടകൾ അടഞ്ഞതിനാലാണ് മഴവെളളം റോഡിലൂടെ ഒഴുകിയെത്തി ബാങ്കിലും വീടുകളിലും വ്യാപാരശാലകളിലും കയറുന്നത്.
പി.എസ്. സുപാൽ വീടുകൾ സന്ദർശിച്ചു
കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതറിഞ്ഞ് തിങ്കളാഴ്ച രാത്രി പി.എസ്. സുപാൽ എം.എൽ.എ ആര്യങ്കാവിലെ വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്നലെ രാവിലെ 10ന് എം.എൽ.എയുടെ നേതൃത്വത്തിലുള്ള റെവന്യൂ, ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥർ ആര്യങ്കാവിലെത്തി പരിശോധന നടത്തി. ആര്യങ്കാവിലെ കരയാളർ തോട്ടം, മുടുക്കുംപത്ത്, സഹകരണ ബാങ്ക് ജംഗ്ഷൻ, ദേശീയ പാതയോരത്തെ അടഞ്ഞ ഓടകൾ, കലുങ്ങുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം
മഴ ശക്തമാവുമ്പോൾ ദേശീയ പാതയിലേക്കെത്തുന്ന മഴവെള്ളത്തെ ആറ്റിലേക്ക് ഒഴുക്കിവിടാൻ സജ്ജീകരണമില്ലാത്തതിനാലാണ് വീടുകളിലും കടകളിലും വെള്ളം കയറുന്നത്. ഇത് കണക്കിലെടുത്ത് ദേശീയ പാത, റെയിൽവേ, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഉടൻ വിളിച്ച് ചേർക്കും.
പി.എസ്. സുപാൽ എം.എൽ.എ