photo
കൊട്ടാരക്കര- പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റ് ഭാഗം തകർന്ന നിലയിൽ

ദുരിതംപേറി കൊട്ടാരക്കര - പുത്തൂർ റോഡ്

കൊല്ലം: റീടാറിംഗ് നടത്തിയ കൊട്ടാരക്കര - പുത്തൂർ റോഡിന്റെ മിക്കയിടങ്ങളിലും കുഴികൾ രൂപപ്പെട്ടതോടെ വാഹന, കാൽനട യാത്ര ദുസഹമായി. ടാറിംഗ് ഇളകിമാറി രൂപപ്പെട്ട വലിയ കുഴികളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടസാദ്ധ്യത വളരെ കൂടുതലാണെന്ന് യാത്രക്കാർ പറയുന്നു. വർഷങ്ങളോളം തീർത്തും തകർച്ചയിലായിരുന്ന റോഡിന് മൂന്നുവർഷം മുൻപ് ശാപമോക്ഷം ലഭിച്ചുവെന്ന ആശ്വാസത്തിലായിരുന്നു യാത്രക്കാർ. എന്നാൽ യാതൊരു ഗുണവുമുണ്ടായില്ല. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. തുടക്കംമുതൽ തന്നെ റോഡ് നിർമ്മാണം വിവാദമായിരുന്നു. എക്സി. എൻജിനിയറടക്കം നാല് പ്രധാന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. അതിനുശേഷം കൃത്യമായി ജോലികൾ നടക്കുമെന്ന പ്രതീക്ഷയും മങ്ങി.

വിവിധ സംഘടനകളുടെ പ്രതിഷേധം

കൊട്ടാരക്കര - പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റ് ഭാഗം വലിയ തോതിൽ തകർ‌ന്നതോടെ കഴിഞ്ഞ ആഴ്ചയിൽ കോൺഗ്രസ് വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പാറച്ചീളുകളും മണ്ണുമിട്ട് കുഴിയടച്ചെങ്കിലും അത് താത്കാലികം മാത്രമാണ്. അവണൂർ മാവൻകാവ് ക്ഷേത്രത്തിന് മുന്നിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. പത്തടി മുതൽ പണയിൽവരെ റോഡിന്റെ വശങ്ങളിൽ കുറ്റിക്കാട് വളർന്ന് നിൽക്കുകയാണ്. കാൽനട യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒഴിഞ്ഞുനിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥ. രാത്രികാലങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും ഇവിടെ കൂടുതലാണ്. വെളിച്ചക്കുറവുമുണ്ട്.

ഗതാഗത യോഗ്യമല്ലാത്തത്

റീടാറിംഗ് നടത്തിയ സ്ഥലങ്ങൾ

റീ ടാറിംഗ് നടത്തിയ സ്ഥലങ്ങളാണ് ഇപ്പോൾ ഇളകി നശിക്കുന്നത്. റോഡിന്റെ വശങ്ങളിലുള്ള സംരക്ഷണ ഭിത്തികളുടെ നിർമ്മാണവും പൂർത്തിയായിട്ടില്ല. കോട്ടാത്തല പണയിൽ ജംഗ്ഷൻ മുതൽ പത്തടികലുങ്ക് വരെയുള്ള ഭാഗം തീർത്തും അപകടാവസ്ഥയിലാണ്. ഇവിടെ തോടിന്റെ സംരക്ഷണഭിത്തികളുടെ നിർമ്മാണവും കാര്യക്ഷമമായി നടന്നിട്ടില്ല. കെ.എൻ. ബാലഗോപാൽ തിരഞ്ഞെടുപ്പിന് മത്സരിക്കാനെത്തിയപ്പോൾ മുതൽ പുത്തൂർ - കൊട്ടാരക്കര റോഡിന്റെ ഗതികേട് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാലഗോപാൽ മന്ത്രിയായപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി റോഡിന്റെ വിഷയം ചർച്ച ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും

തുടർ നടപടികൾ കൈക്കൊള്ളാനായിട്ടില്ല.

വകുപ്പ് മന്ത്രി അറിയുന്നില്ലേ?

സാധാരണയായ ശബരിമല സീസണ് മുൻപ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താറുള്ളതാണ്. എന്നാൽ ഇത്തവണയും പുത്തൂർ റോഡിനെ അധികൃതർ അവഗണിച്ചു. തുടക്കം മുതൽ വിവാദമായ റോഡായിട്ടുകൂടി വകുപ്പ് മന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോടികളുടെ ബില്ല് മാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ നിർമ്മാണം പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്.