k-rail
ചാത്തന്നൂരിൽ അതിവേഗ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മിലുണ്ടായ വാക്കുതർക്കം

ചാത്തന്നൂർ: കെ റെയി​ൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചാത്തന്നൂരിൽ പ്രതിഷേധം. അലൈൻമെന്റ് പ്രകാരം കല്ലിടുന്ന ഉദ്യോഗസ്ഥരെ തടഞ്ഞ പ്രദേശവാസി​കൾ കല്ലുകൾ പിഴുതുമാറ്റി. സ്ത്രീകൾ ഉൾപ്പെടെ 11 പേരെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് കാരംകോട് വിമല സ്കൂളിന് പടിഞ്ഞാറു ഭാഗത്തായിരുന്നു സംഭവം. ഇവിടത്തെ വീട്ടുവളപ്പിൽ ഉദ്യോഗസ്ഥസംഘം കല്ലിടാൻ എത്തിയപ്പോൾ വീട്ടുകാർ പ്രതിഷേധവുമായി ഗേറ്റ് പൂട്ടി അകത്തിരുന്നു. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡെപ്യൂട്ടി കളക്ടറും സ്ഥലത്തെത്തി വീട്ടുകാരുമായും പ്രതിഷേധ സമിതിയുമായും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, വീട്ടിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയും ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. പ്രതിഷേധ സമിതി നേതാക്കളായ ഷൈല കെ.ജോൺ, ബി.രാമചന്ദ്രൻ, ഷറഫ് കുണ്ടറ, പ്രശാന്ത് കുമാർ, ഫ്രാൻസിസ്, ട്വിങ്കിൾ പ്രഭാകരൻ, ഉഷ, സുകന്യകുമാർ, എൻ.ശശിധരൻ, ജോൺസൻ, രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കെ റെയിലിനായി ഇട്ടിരുന്ന കല്ലുകൾ പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം പിഴുതുമാറ്റിയിരുന്നു. ഇന്നലെയും ഗേറ്റുകൾ പൂട്ടി പ്രതിഷേധം. തുടർന്നതോടെ ഉയരമുള്ള മതിലുകൾ ചാടിക്കടന്നാണ് കല്ലുകൾ സ്ഥാപിച്ചത്. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കും സുരക്ഷയ്ക്ക് എത്തിയ പൊലീസിനും മതിലുകൾ ചാടിക്കടക്കേണ്ടി വന്നു. കല്ലിടുന്ന കുഴിയിൽ ഇറങ്ങി വസ്തുവിന്റെ ഉടമസ്ഥൻ തടയാൻ ശ്രമിച്ച സംഭവവുമുണ്ടായി. ഇദ്ദേഹത്തെ അനുനയിപ്പിച്ച ശേഷം കല്ലിട്ടു. താമസിക്കുന്ന വീടും പറമ്പും ഏറ്റെടുക്കുന്ന നടപടിയിൽ മനം നൊന്തു ചില വീട്ടമ്മമാർ നിലവിളിച്ചു.

ചാത്തന്നൂർ പഞ്ചായത്തിൽ മീനാട് വില്ലേജിലെ വിമല സെൻട്രൽ സ്കൂൾ പ്രദേശത്താണ് രണ്ട്‌ ദിവസമായി കല്ലിടൽ പുരോഗമിക്കുന്നത്. തിങ്കളാഴ്ചയും കല്ലിടലിനെ തുടർന്ന് സംഘർഷം ഉണ്ടായെങ്കിലും പൊലീസ് സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരും വസ്തു ഉടമകളുമായി സംസാരിച്ചിട്ടും ഫലമുണ്ടായില്ല. പ്രതിഷേധക്കാർക്ക് നേതൃത്വം നൽകിയ എൻ.രാമചന്ദ്രനെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചിരുന്നു.