കരുനാഗപ്പള്ളി : കരുനാഗപ്പള്ളി - കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതിയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. 307 കോടി രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചിട്ടുള്ളത്. കൂടാതെ 65.5 കോടി രൂപ നബാർഡ് ഫണ്ടുമുണ്ട്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ തഴവ, തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. കല്ലടയാറ്റിൽ ഞാങ്കടവിൽ നിന്നുള്ള വെള്ളമാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഇതിനായി ഐവർകാല അമ്പുവിളയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കും. കല്ലടയാറിൽ റോ വാട്ടർ കിണറും അമ്പുവിളയിൽ ട്രീറ്റ്മെന്റ് പ്ലാന്റും ഉൾപ്പെടെ നിർമ്മിക്കുന്നതിനായി നബാർഡിന്റെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പദ്ധതിയ്ക്കായി എല്ലാ ഗ്രാമ പഞ്ചായത്തിലും പ്രത്യേകം ഓവർ ഹെഡ് ടാങ്കുകളും നിർമ്മിക്കും. ഇതിനായി സ്ഥലം ഏറ്റെടുത്തു നൽകുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതോടെ ടെൻഡർ നടപടികളിലേക്ക് കടക്കാനാകും. പദ്ധതിയ്ക്കായി 155 കിലോ മീറ്റർ പൈപ്പു ലൈനുകൾ സ്ഥാപിക്കേണ്ടിവരും. 25000 ഗാർഹിക കണക്ഷനുകളും നൽകാനാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തഴവ, തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും എം.എൽ.എ അറിയിച്ചു.