കരുനാഗപ്പള്ളി: തകർച്ച നേരിടുന്ന പരമ്പരാഗത തൊഴിലാളികളെയും അവരുടെ സംരംഭങ്ങളെയും ആധുനികവത്കരണത്തിലൂടെ സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മുകുന്ദപുരം കയർ വ്യവസായ സഹകരണ സംഘത്തിന്റെ 17, 20,000 രൂപ ചെലവഴിച്ച് നവീകരിച്ച സംഘത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കയർ വ്യവസായത്തിൽ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ചകിരിയുടെ ദൗർലഭ്യമാണന്ന്. തൊണ്ടു സംസ്കരണത്തിലൂടെ ഇത് പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷത വഹിച്ചു. സംഘത്തിലെ അന്തരിച്ച മുൻ പ്രസിഡന്റുമാരുടെ ഛായാചിത്രം മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അനാച്ഛാദനം ചെയ്തു. കയർ വികസന ഡയറക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ, കയർ ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ, പ്രോജക്ട് ഓഫീസർ ഇ. ബെനഡിക്ട് നിക്സൺ, അസി. രജിസ്ട്രാർ ജി. ഷാജി, കയർ ഇൻസ്പെക്ടർ ജി. വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗം കുറ്റിയിൽ ലത്തീഫ്, സംഘം പ്രസിഡന്റ് എ. അബ്ബാസ് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി എസ്. സ്മിത നന്ദി പറഞ്ഞു.