t
കല്ലുപാലം നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക, നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റിലെ സൂപ്രണ്ടിനെ ഉപരോധിക്കുന്നു

കൊല്ലം: ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കല്ലുപാലം നിർമ്മാണത്തിന്റെ പൈലിംഗിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുക, നിർമ്മാണം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സമരക്കാർ എത്തുമ്പോൾ ഓഫീസിൽ ഡയറക്ടറും എക്സിക്യുട്ടീവ് എൻജിനീയറും അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഇതോടെ ഡയറക്ടറേറ്റിലെ സൂപ്രണ്ടിനെ ഉപരോധിച്ചു. പിന്നീട് ഡയറക്ടറുമായി ഫോണിൽ ചർച്ച നടത്തി. കല്ലുപാലം നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനൊപ്പം പാലം വേഗത്തിൽ പൂർത്തിയാക്കുമെന്നും ഡയറക്ടർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കരാറുകാരനും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് കല്ലുപാലം നിർമ്മാണം ഇഴയാൻ കാരണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. സമീപപ്രദേശങ്ങളിലെ മറ്റ് പാലങ്ങളുടേതിനെക്കാൾ ആഴത്തിൽ കല്ലുപാലത്തിന് പൈൽ ചെയ്തുവെന്ന വാദം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. നവാസ് റഷാദി, കൗശിക് എം.ദാസ്, നസ്മൽ കലതിക്കാട്, ഷഹീർ പള്ളിത്തോട്ടം, അജു ചിന്നക്കട, ശരത് കടപ്പാക്കട, ബിച്ചു കൊല്ലം, ഗോകുൽ കടപ്പാക്കട, ഉളിയക്കോവിൽ ഉല്ലാസ്, അനീഷ് വേണു, റമീസ് മുതിരപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.