 
കിഴക്കൻ മലയോര മേഖലയിൽ ടൂറിസ്റ്റുകളുടെ തിരക്ക്
പുനലൂർ: മഴമാറി മാനംതെളിഞ്ഞതോടെ തെന്മല ഇക്കോടൂറിസം മേഖലയിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. കിഴക്കൻ മലയോരമേഖലകളിലെ ടൂറിസം കേന്ദ്രങ്ങളായ ശെന്തുരുണി, റോസ്മല വ്യൂ, പാലരുവി തുടങ്ങിയവ വീണ്ടും സജീവമായി. കൊവിഡ് ഇളവുകൾക്കുശേഷം രണ്ടുമാസം മുമ്പ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിച്ചിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ മഴയെ തുടർന്ന് വീണ്ടും നിർജീവമായിരുന്നു. ഇപ്പോൾ മഴമാറി തെന്മലയും സമീപ പ്രദേശങ്ങളും വീണ്ടും സജീവമായതോടെ വ്യാപാരികളും ആശ്വാസത്തിലാണ്. ഇക്കോടൂറിസം മേഖലയിലെ അഡ്വൈഞ്ചർ സോൺ, സൗണ്ട് ആൻഡ് ലൈറ്റ് ഷോ, ലെഷർ സോൺ എന്നിവയ്ക്ക് പുറമേ ശെന്തുരുണി മേഖലയിലെ ഒറ്റയ്ക്കൽ മാൻ പാർക്ക്, തെന്മല അണക്കട്ടിലെ ഇല്ലാസ ബോട്ട്, കുട്ടവഞ്ചി യാത്ര തുടങ്ങിയവ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. പരപ്പാർ അണക്കെട്ടിലെ എർത്ത് ഡാമിൽ സജ്ജമാക്കിയിട്ടുള്ള ഉല്ലാസബോട്ട് യാത്രയും കുട്ടവഞ്ചി യാത്രയുമാണ് ടൂറിസ്റ്റുകൾക്ക് ഏറെപ്രിയം. എർത്ത് ഡാമിലെ ബോട്ട് യാർഡിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര വൃഷ്ടി പ്രദേശങ്ങൾചുറ്റി കളംകുന്ന് വഴി യാഡിൽ തിരികെയെത്തും. ഇതിനിടെ കാട്ടാന, കാട്ടുപോത്ത്, പുലി, കടുവ, മാൻ, മ്ലാവ് അടക്കമുള്ള വന്യമൃഗങ്ങളെയും വിവിധതരം പക്ഷികളെയും നേരിൽ കാണാനുംകഴിയും. ബോട്ട് യാത്രക്കിടെ വന്യമൃഗങ്ങളെയും പക്ഷികളെയും മൊബൈൽ കാമറകളിൽ ഒപ്പിയെടുക്കാനുളള തിരക്കിലാണ് ടൂറിസ്റ്റുകൾ.
പരപ്പാർ അണക്കെട്ടിലെ ജലയാത്ര
പരപ്പാർ അണക്കെട്ടിലെ ജലയാത്രയ്ക്കാണ് ഏറ്റവും വലിയ ജനത്തിരക്കനുഭവപ്പെടുന്നത്. എന്നാൽ തെന്മല ഡാം ജംഗ്ഷന് സമീപത്തെ ഇക്കോ ടൂറിസത്തിന്റെ ഓഫീസിൽ നിന്ന് ടിക്കറ്റെടുത്തശേഷം നാല് കിലോമീറ്ററോളം സഞ്ചാരിച്ചാലേ എർത്ത് ഡാമിലെ ബോട്ട് യാർഡിൽ എത്താനാവൂ. വാഹനമില്ലാത്തവർ കാൽനടയായി വേണം ബോട്ട് യാഡിൽ എത്താൻ. ബോട്ട് യാർഡ് സ്ഥിതിചെയ്യുന്ന എർത്ത് ഡാമിൽ വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ യാതൊരു സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടില്ല.
അടിസ്ഥാനകൗകര്യം വർദ്ധിപ്പിക്കണം
മഴപെയ്താൽ കയറി നിൽക്കാൻ പോലും ഇടമില്ലാതെ വലയുകയാണ് ടൂറിസ്റ്റുകൾ. സ്ത്രീകളും വിദ്യാർത്ഥികളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. ചെങ്കോട്ട - തിരുവനന്തപുരം പാതയിൽ നിന്ന് യാർഡ് സ്ഥിതിചെയ്യുന്ന എർത്ത് ഡാമിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. കാൽനൂറ്റാണ്ട് മുമ്പാണ് അണക്കെട്ട് പ്രദേശത്ത് ബോട്ട് സവാരി ആരംഭിച്ചതെങ്കിലും ടൂറിസ്റ്റുകൾക്ക് അടിസ്ഥാനകൗകര്യം ഒരുക്കി നൽകാൻ ബന്ധപ്പെട്ടവർക്ക് കഴിയാത്തതിൽ പ്രതിഷേധം ശക്തമാണ്. വനം, ടൂടിസം വകുപ്പുകൾ തമ്മിലുളള സൗന്ദര്യപ്പിണക്കമാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്.