road

 റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ട് 10 വർഷം

കൊല്ലം: റോഡ് നിർമ്മാണ കരാറുകാരന് തുക നൽകാൻ കോടതി ഉത്തരവിട്ടിട്ടും കടുംപിടിത്തം വിടാതെ കോർപ്പറേഷൻ. കൊല്ലം മുനീശ്വരൻ കോവിൽ - കപ്പലണ്ടി മുക്ക് റോഡ് നാലുവരിയാക്കാൻ കരാറെടുത്ത ആക്കാവിള കെ. ലക്ഷ്മണൻ ആൻഡ് കമ്പനി ഉടമ എൽ. സതീക്കിനെയാണ് കോർപ്പറേഷൻ അധികൃതർ വർഷങ്ങളായി തെക്കുവടക്ക് നടത്തുന്നത്.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) പദ്ധതിയിൽ ഉൾപ്പെടുത്തി 2011ൽ പൂർത്തീകരിച്ച റോഡി​ന് 1.21 കോടിയാണ് സതീക്കിന് ലഭിക്കാനുള്ളത്. ഇതിൽ തീരുമാനമെടുക്കണമെന്നു കാട്ടി 22 മാസത്തിനിടെ ഹൈക്കോടതി മൂന്ന് ഉത്തരവുകൾ പുറപ്പെടുവിച്ചില്ലെങ്കിലും കോർപ്പറേഷൻ സെക്രട്ടറി തുടർ നടപടികളൊന്നും സ്വീകരിക്കാൻ തയ്യാറായില്ല.

കരാറുകാരൻ കോടതിയലക്ഷ്യ ഹർജി നൽകിയതിനെ തുടർന്ന് മേയറും കോർപ്പറേഷൻ സെക്രട്ടറിയും 13ന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞദിവസം വിഷയം കൗൺസിൽ യോഗത്തിൽ പരിഗണനയ്‌ക്കെടുത്തെങ്കിലും തീരുമാനമെടുത്തില്ല.

വർഷങ്ങൾക്കു മുമ്പ് നടന്ന നിർമ്മാണ പ്രവൃത്തികൾക്ക് ഇപ്പോൾ പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് കോർപ്പറേഷൻ സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ഇതേപ്പറ്റി​ മേയറും സെക്രട്ടറിയും വാഗ്വാദത്തി​ൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഭരണപക്ഷത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് സെക്രട്ടറിയുടെ ഭാഗത്തുനി​ന്ന് ഉണ്ടാകുന്നതെന്ന് മേയർ ആരോപിച്ചു. നിർമ്മാണം പൂർത്തീകരിച്ച് 10 വർഷം പിന്നിട്ടിട്ടും കരാറുകാരന് പണം നൽകാതെ നിയയമവ്യവസ്ഥയെ പോലും വെല്ലുവിളിക്കുകയാണ് ഉദ്യോഗസ്ഥർ.

# അന്തിമ ബില്ലിന്റെ നാൾവഴി

 2013 ഫെബ്രുവരി 02: കരാർ പ്രകാരം അന്തിമബില്ലിന് മുൻപായി കരാറുകാരന്റെ എട്ട് ക്ലെയിമുകൾ കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ടർക്കും മാനേജർക്കും നൽകി

 ഫെബ്രുവരി 12: മൂന്നു ക്ലെയിമുകൾ ഒഴികെയുള്ളവ കെ.എസ്.യു.ഡി.പി നൽകാനും ബാക്കിയുള്ളവ തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്തുനൽകാനും തീരുമാനം

 ഒക്ടോബർ 15: മൂന്ന് ക്ലെയിമിലും സൂചിപ്പിച്ച പ്രവൃത്തികൾ കരാറുകാരൻ തന്നെയാണ് ചെയ്തതെന്നും തുക നൽകണമെന്നും കെ.എസ്.യു.ഡി.പി പ്രോജക്ട് മാനേജർ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി

 2020 മാർച്ച് 12: കോർപ്പറേഷൻ നടപടികൾ സ്വീകരിക്കാത്തതിനാൽ കരാറുകാരൻ കേസ് നൽകിയതിനെ തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ തീർപ്പുണ്ടാക്കാൻ ഹൈക്കോടതി ഉത്തരവ്

 മാർച്ച് 24: കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം സൂപ്രണ്ടിംഗ് എൻജിനീയർ കരാറുകാരനിൽ നിന്ന് മൊഴിയെടുത്ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നു

 ആഗസ്റ്റ് 07: തീർപ്പുണ്ടാക്കാത്തതിനെ തുടർന്ന്, സ്വീകരിച്ച നടപടികൾ ആഗസ്റ്റ് 21ന് കോടതിയെ അറിയിക്കണമെന്നും വീഴ്ചയുണ്ടായാൽ 24ന് സെക്രട്ടറി നേരിട്ട് കാരണം ബോധിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവ്

 2021 ജനുവരി 15: അന്തിമബിൽ തുക നൽകുന്നതിൽ കാലതാമസമുണ്ടാകരുതെന്നും തീരുമാനം മൂന്ന് മാസത്തിനുള്ളിൽ വേണമെന്നും കോടതി ഉത്തരവ്

 ഏപ്രിൽ 27: വിഷയം പഠിച്ച് റിപ്പോർട്ട് നൽകാനായി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു

 ആഗസ്റ്റ് 30: സമിതിയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകി

 സെപ്തംബർ 23: ഫയൽ ക്രമീകരിക്കാത്തതിനാൽ സർക്കാർ അനുമതിയോട് മാത്രമേ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന് കോർപ്പറേഷൻ സെക്രട്ടറി, സൂപ്രണ്ട് എൻജിനീയർ എന്നിവരുടെ അറിയിപ്പ്.

 നവംബർ 12: ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. ഡിസംബർ 13ന് മേയറും കോർപ്പറേഷൻ സെക്രട്ടറിയും ഹാജരാകാൻ നിർദേശം

...................................

# മുനീശ്വരൻ കോവിൽ - കപ്പലണ്ടിമുക്ക് നാലുവരിപ്പാത

 ആകെ നീളം: 3280 മീറ്റർ

 വീതി: 19.30 മീറ്റർ

 കാരിയേജ് വേ: 7.5 മീറ്റർ (ഇരുവശവും)

 നടപ്പാത: 2 മീറ്റർ (ഇരുവശവും)

 റോഡിലെ മീഡിയൻ: 30 സെന്റി മീറ്റർ

 നിർമ്മാണം പൂർത്തിയായത്: 2011

 കരാറുകാരന് അന്തിമബില്ല് പ്രകാരം ലഭിക്കാനുള്ള തുക: 1.21 കോടി