കൊല്ലം: റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള 129 ചാക്ക്‌ പുഴുക്കലരി, 45 ചാക്ക്‌ പച്ചരി, 14 ചാക്ക്‌ ഗോതമ്പ്‌ എന്നിവ മലപ്പുറം ഭാഗത്തേക്ക്‌ ലോറിയിൽ കൊണ്ടുപോകവേ പി​ടി​യി​ലായ പ്രതി​കളെ കോടതി​ കുറ്റവി​മുക്തരാക്കി​.

ഒന്നു മുതൽ നാലുവരെ പ്രതികളായ കൊല്ലം പുന്നത്തലയിൽ വലിയഴികത്തു വീട്ടിൽ സന്തോഷ്‌ കുമാർ (55), മലപ്പുറം പയ്യനാട് കള്ളീവളപ്പിൻ വീട്ടിൽ ഫസലു റഹ്മാൻ (41), ഇരവിപുരം ആസാദ്‌ നഗറിൽ തടിനാട്ടു വീട്ടിൽ മാഹിൻഷാ (45), മലപ്പുറം പട്ടർകുളത്ത്‌ പാമ്പാടൻ ഹൗസിൽ ബുഷൈർ (33) എന്നിവരെയാണ്‌ കോടതി വെറുതേവിട്ടത്.

കൊല്ലം ഫുഡ്‌ കോർപ്പറേഷനിൽ നിന്നു തങ്കശേരിയി​ലെ റേഷൻ കടയ്ക്കനുവദിച്ച 197ചാക്ക്‌ അരിയും ഗോതമ്പും കൊണ്ടുപോകവേ നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ വച്ച്‌ കസ്റ്റഡിയിലെടുത്തെന്നാണ്‌ പ്രോസിക്യൂഷൻ കേസ്‌. 2013 ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം.

പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷൻ സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരി വയ്ക്കുകയായിരുന്നു. അഭിഭാഷകരായ ഇ. ഷാനവാസ്ഖാൻ, കല്ലൂർ കൈലാസ് നാഥ്‌ എന്നിവർ കോടതിയിൽ പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരായി.