sarath-

# വനിതാപൊലീസിന് നേരെയും ആക്രമണം

കൊല്ലം: അഞ്ചാലുംമൂട്ടിലെ പൂക്കടയിലുണ്ടായ ആക്രമണശ്രമം തടഞ്ഞ യുവാവിനെ ബൈക്കിടിപ്പിച്ചവർ പിടിയിൽ. ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപം പഴമ്പളളി മഠത്തിൽ വീട്ടിൽ ശരത്ത് (23), ശക്തികുളങ്ങര സ്വദേശി തൃക്കരുവ പ്രാക്കുളം തണലിടം വീട്ടിൽ സൂരജ് (ഉണ്ണി-23) എന്നിവരാണ് പിടിയിലായത്. സ്റ്റേഷനിൽ ഇവർ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെയും ആക്രമണം നടത്തുകയും സ്റ്റേഷൻ ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി അഞ്ചാലുംമൂട് സ്‌കൂളിന് മുൻവശത്തെ പൂക്കടയിലെ അജിയെ ഹെൽമെ​റ്റിന് തലയ്ക്കടിക്കുന്നത് കണ്ട് അതുവഴി വന്ന സമീപവാസിയായ ഉല്ലാസ് തടസം പിടിക്കുകയായിരുന്നു. തുടർന്ന് ഉല്ലാസിനു നേരെ ബൈക്ക് ഓടിച്ചു കയറ്റാൻ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയെങ്കിലും കാലിലൂടെ കയറിയിറങ്ങി അസ്ഥിക്ക് പൊട്ടലുണ്ടായി. സ്റ്റേഷനിൽ അതിക്രമം നടത്തുന്നത് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.സി.പി.ഒ അജിമോളെ ആക്രമിച്ചത്. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശ്യാം, ഹരികുമാർ, ജയപ്രകാശൻ, പ്രദീപ് കുമാർ, ലഗേഷ് കുമാർ, എ.എസ്.ഐ വി. ബിജു, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.