 
കൊട്ടാരക്കര: കൊവിഡിൽ തളിരിട്ട കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചും പഠിച്ചും പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ച് ഇരട്ടസഹോദരിമാർ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർത്ഥിനികളായ നിരഞ്ജന പിള്ളയും നീരജ പിള്ളയുമാണ് നാടിന് അഭിമാനമായത്.
സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ "കൊവിഡിൽ തളിരിട്ട കൃഷിയിടങ്ങൾ" എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിച്ചാണ് ഇരുവരും മികവ് കാട്ടിയത്. ഇതോടെ ഗുജറാത്തിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ അവസരമൊരുങ്ങി. പവിത്രേശ്വരം പഞ്ചായത്തിലെ വിവിധ കാർഷിക പ്രദേശങ്ങങ്ങൾ സന്ദർശിച്ച് പഠനം നടത്തിയാണ് പ്രോജക്ട് അവതരിപ്പിച്ചത്. കൊവിഡ് കാലഘട്ടത്തിൽ കാർഷിക രംഗത്തുണ്ടായ വളർച്ച, ഹൈടെക് കൃഷിരീതിയുടെ വ്യാപനം, ജീവിതശൈലീരോഗങ്ങൾ കുറയ്ക്കുന്നതിൽ കാർഷിക മേഖലയുടെ പങ്ക് എന്നിവയും പഠന വിഷയങ്ങളാക്കി. പുത്തൂർ പൊരിക്കൽ നീരാഞ്ജനത്തിൽ കാനറ ബാങ്ക് ജീവനക്കാരനായ എം. ബാബുക്കുട്ടൻ പിള്ളയുടെയും മുക്കൂട് ഗവ. യു.പി.എസിലെ അദ്ധ്യാപികയായ പി .താരയുടെയും മക്കളാണ് നിരഞ്ജനയും നീരജയും. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്ര അദ്ധ്യാപികയായ ആർ.എസ്. അർച്ചനയാണ് പഠനത്തിന് മാർഗനിർദേശങ്ങൾ നൽകുന്നത്.