cashew

# സർക്കാർ ഇടപെടൽ ശക്തമാക്കണമെന്ന് തൊഴിലാളികൾ

കൊല്ലം: മൺമറഞ്ഞ പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയിലേക്ക് അതിവേഗം നടന്നടുക്കുന്ന കശുഅണ്ടി മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടലുകൾ അനി​വാര്യം. രണ്ടര ലക്ഷത്തിലധികം തൊഴിലാളികൾ നേരിട്ടും പത്ത് ലക്ഷത്തിലധികം പേർ പരോക്ഷമായും പണിയെടുക്കുന്ന തൊഴിലിടമായിട്ടും സർക്കാർ ഇടപെടൽ ഉണ്ടാവുന്നി​ല്ല. പരമ്പരാഗത വ്യവസായമെന്നതിലുപരി 95 ശതമാനത്തിലധികം തൊഴിലാളികൾ സ്ത്രീകളാണെന്നതും കശുഅണ്ടി മേഖലയുടെ പ്രത്യേകതയാണ്. സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിച്ച വ്യവസായം കൂടിയായിട്ടും നിസംഗമായ സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

# പടലപ്പി​ണക്കങ്ങൾ

തൊഴിലാളി സ്നേഹവും പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ആവോളം പ്രസംഗിക്കുന്നവരോട് ചോദിക്കാൻ തൊഴി​ലാളി​കൾക്ക് പലതുമുണ്ട്. പ്രസംഗിക്കുന്നതിലും പറയുന്നതിലും ആത്മാർത്ഥതയുണ്ടെങ്കിൽ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിന്ന് കശുഅണ്ടി മേഖലയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. പരമ്പരാഗത വ്യവസായമാണെന്ന് ഊറ്റം കൊള്ളുമ്പോൾ അവയുടെ സംരക്ഷണം ഉറപ്പുവരുത്താൻ ജനപ്രതിനിധികൾക്ക് ബാദ്ധ്യതയുണ്ടെന്നും തൊഴി​ലെടുത്ത് ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടതെന്നും മുതിർന്ന ഒരു സ്ത്രീ തൊഴിലാളി 'കേരളകൗമുദി" യോട് പറഞ്ഞു.

# ഇതൊന്ന് ശ്രദ്ധിക്കണം

 എം.പിമാർ ഉൾപ്പെടുന്ന പ്രത്യേക പ്രതിനിധി സംഘം രൂപീകരിച്ച് കേന്ദ്രസർക്കാരുമായി ചർച്ചനടത്തണം

 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമെന്നത് പരിഗണിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണം

 സർക്കാർ രൂപീകരിച്ച മൂന്നംഗ കമ്മി​റ്റി അന്തിമ തീരുമാനത്തിലെത്താൻ വൈകരുത്

 കമ്മി​റ്റിയുടെ അന്തിമ തീരുമാനം വരെ റിക്കവറി നടപടികൾ നിറുത്തിവയ്ക്കാൻ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകണം

 കശുഅണ്ടി തൊഴിലാളികളുടെ വരുമാനം ഉറപ്പാക്കാൻ സർക്കാർ ഇൻകം ഗാരണ്ടി സ്‌കീം നടപ്പാക്കണം

 ഉടമകളുടെ ബാങ്ക് വായ്പകളിൻ മേൽ ഒ​റ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിക്കണം

# വേണമൊരു കടിഞ്ഞാൺ

ഈടു നൽകിയ ഭൂമിയോ സ്ഥാപനമോ, വായ്പയുടെ 20 ശതമാനം വരെ കുറഞ്ഞ തുകയ്ക്ക് ഏ​റ്റെടുക്കാനാണ് 'അസ​റ്റ് റീ കൺസ്ട്രക്ഷൻ' കമ്പനികൾ (എ.ആർ.സി) എന്ന പേരിൽ കുത്തക കമ്പനികൾ രംഗത്തുള്ളത്. സാധാരണ ജപ്തി നടപടികൾക്ക് വിരുദ്ധമായി ബാങ്കുകൾ ഇ- ലേലത്തിലൂടെ എ.ആർ.സികൾക്ക് നേരിട്ട് വില്പന നടത്തുന്ന രീതിയാണിത്. ഫാക്ടറി ഉടമകൾ ഒ​റ്റത്തവണ തീർപ്പാക്കലിനായി മുന്നോട്ട് വന്നാലും ബാങ്കുകൾ കൈമലർത്തുകയും എ.ആർ.സി കമ്പനികളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്യും. 30 മുതൽ 40 ശതമാനം വരെ കുറവ് ചെയ്താൽ ഒ​റ്റത്തവണ തീർപ്പാക്കലിന് തയ്യാറാണെന്ന് ചെറുകിട, ഇടത്തരം ഫാക്ടറി ഉടമകൾ അറിയിച്ചെങ്കിലും ബാങ്കുകൾ മുഖംതിരിച്ചു.

# കശുഅണ്ടി മേഖല

 ഫാക്ടറികൾ: 800ൽ അധികം

 തുറന്ന് പ്രവർത്തിക്കുന്നവ: 200ൽ താഴെ

 കശുഅണ്ടി വികസന കോർപ്പറേഷന് കീഴിലുള്ളവ: 30

 തൊഴിലാളികൾ: 2.5 ലക്ഷം

 പരോക്ഷമായി തൊഴിലെടുക്കുന്നവർ: 10 ലക്ഷത്തിന് മുകളിൽ