പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിൽ അടിഞ്ഞുകൂടിയ മണലിന്റെയും എക്കലിന്റെയും പരിശോധന ഇന്നലെ രാവിലെ ആരംഭിച്ചു. അണക്കെട്ടിന്റെ സംഭരണശേഷി എത്രത്തോളം കുറഞ്ഞെന്ന് വിലയിരുത്താനാണ് ജലവിഭവ വകുപ്പിന്റെ പീച്ചി ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. എക്സിക്യുട്ടീവ് എൻജിനിയർ ദിവ്യയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നത്. പ്രത്യേക ബോട്ടിൽ സഞ്ചരിച്ച് സാറ്റലൈറ്റ് വഴിയാണ് എക്കലിന്റെയും മണലിന്റെയും പരിശോധന നടത്തുക. 2017ൽ ഇവർ അണക്കെട്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ 2018-19 കാലയളവിൽ പെയ്ത കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകമായി ചെളിയും മണലും അണക്കെട്ടിൽ അടിഞ്ഞു കൂടിയിരുന്നു. അതും പരിശോധനകൾക്ക് വിധേയമാക്കും. മൂന്ന് തവണ പരിശോധിച്ച ശേഷമേ അണക്കെട്ടിന്റെ സംഭരണ ശേഷി വിലയിരുത്താൻ കഴിയൂ. ഇതിൻെറ ഭാഗമായി ഇനി ഒരു തവണ കൂടി അണക്കെട്ടിലെ എക്കലും മണലും അടിഞ്ഞു കൂടിയത് പരിശോധിച്ച് സംഭരണശേഷി വിലയിരുത്തും.