കരുനാഗപ്പള്ളി : സി.പി.എം ലോക്കൽ സമ്മേളനത്തിന്റെ അവസാനം ഒൗദ്യോഗിക പക്ഷം അവതരിപ്പിച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ മത്സര രംഗത്തെത്തിയതിനെ തുടർന്ന് മാറ്റിവെച്ച ലോക്കൽ കമ്മിറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടത്തും. ഡിസംബർ 10, 11, 12 തീയതികളിൽ നടക്കുന്ന സി.പി.എം കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് ലോക്കൽ സമ്മേളനങ്ങൾ നടത്തിയത്. ഇതിൽ കരുനാഗപ്പള്ളി, ആലപ്പാട്ട് കമ്മിറ്റികളിലെ തിരഞ്ഞെടുപ്പാണ് മത്സരത്തെ തുടർന്ന് മാറ്റി വെച്ചത്. ഏരിയാ സമ്മേളനം നടത്തണമെങ്കിൽ മാറ്റി വെച്ച ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കണം. ഇതിനുവേണ്ടിയാണ് പ്രത്യേകയോഗം ചേരുന്നത്. ആലപ്പാട് നോർത്ത് കമ്മിറ്റിയുടെ യോഗം വൈകിട്ട് 3 മണിക്കും കരുനാഗപ്പള്ളി ടൗൺ കമ്മിറ്റിയുടെ യോഗം വൈകിട്ട് 4 മണിക്ക് കരുനാഗപ്പള്ളി ഐ.എം.എ ഹാളിലും നടക്കും.