കൊല്ലം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിച്ച നാല് ഡിവിഷനുകളിൽ ബി.ജെ.പി ജയിക്കാനിടയായ സാഹചര്യം പരിശോധിക്കാൻ നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽ രണ്ട് ജില്ലാ നേതാക്കൾക്ക് വിമർശനം. ഇരുവരെയും കൊല്ലം സിറ്റി കമ്മിറ്റിയുടെ ചുമതലകളിൽ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
സംസ്ഥാന കൗൺസിൽ അംഗം തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ചാണക്യ തന്ത്രങ്ങൾ പ്രയോഗിച്ചതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്നലെ ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ ഈ പരാമർശം മാറ്രണമെന്ന് ആവശ്യമുയർന്നു. ഒരു വിഭാഗം പ്രവർത്തകർ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നതാണ് കടപ്പാക്കടയിലെ പരാജയത്തിന്റെ കാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടത്തൽ. മറ്റിടങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയാണ് പ്രശ്നം സൃഷ്ടിച്ചതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 13ന് ചേരുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കും. ഇതിന് മുൻപ് വീണ്ടും ജില്ലാ എക്സിക്യുട്ടീവ് ചേരാനും സാദ്ധ്യതയുണ്ട്.
മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ കെ. രാജുവാണ് കൺവീനർ. ജില്ലാ എക്സിക്യുട്ടീവ് അംഗം എസ്. ബുഹാരി, ജില്ലാ കൗൺസിൽ അംഗം എൻ. സദാനന്ദൻ എന്നിവരടങ്ങിയ കമ്മിഷനാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കടപ്പാക്കട, ഉളിയക്കോവിൽ, പാലത്തറ, മങ്ങാട് എന്നീ ഡിവിഷനുകളിലാണ് സി.പി.ഐയെ പരാജയപ്പെടുത്തി ബി.ജെ.പി വിജയിച്ചത്.