meenad
ചാത്തന്നൂർ- പരവൂർ റോഡിൽ മീനാട് ഭാഗത്തായി വലിച്ചെറിഞ പശുക്കുട്ടിയുടെ ജഡം

ചാത്തന്നൂർ: പരവൂർ- ചാത്തന്നൂർ പ്രധാന റോഡിൽ മീനാട് കട്ടച്ചൂളയ്ക്ക് സമീപം രാത്രിയിൽ നടക്കുന്ന മാലിന്യ നിക്ഷേപത്തി​ന് അറുതി​യി​ല്ല. ഒരു മാസത്തോളം പ്രായമുള്ള ചത്ത പശുക്കുട്ടിയെ ചാക്കിൽ കെട്ടിയാണ് കഴി​ഞ്ഞ ദി​വസം ഇവി​ടെ തള്ളി​യത്.

കഴി​ഞ്ഞ ദി​വസം രാവിലെ ഏഴോടെ തെരുവുനായ്ക്കൾ പശുക്കുട്ടി​യുടെ ജഡം ഭക്ഷി​ക്കാനായി​ കൂട്ടത്തോടെയെത്തി. അവശിഷ്ടങ്ങൾക്കായി നായ്ക്കൾ പിടിവലി കൂടി റോഡിലേക്കി​റങ്ങി​യപ്പോൾ ബൈക്ക് യാത്രികരായ രണ്ടുപേർ അപകടത്തിൽപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഈ പ്രദേശം കേന്ദ്രീകരിച്ച് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങളും ഇതര മാലിന്യങ്ങളും നിക്ഷേപിക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന് ചൂണ്ടിക്കാട്ടി​ ചിറക്കര പഞ്ചായത്ത് അധികൃതർ ബോർഡും എതിർവശത്തായി സുരക്ഷ കാമറയും സ്ഥാപിച്ചിട്ടുണ്ടെങ്കി​ലും ഇതൊന്നും ആരും വകവയ്ക്കുന്നി​ല്ല. മാലി​ന്യം തള്ളുന്നവർക്കെതി​രെ നടപടി​ വേണമെന്നാണ് പ്രദേശവാസി​കളുടെ ആവശ്യം.