road

 സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് ഭരണാനുമതി

കൊല്ലം: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ മൂന്ന് റോഡുകൾ ആധുനിക നിലവാരത്തിൽ വികസിപ്പിക്കാൻ 158.4 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. മുഖ്യമന്ത്രിയുടെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം നടപ്പാക്കുന്നത്.

പഴയ ദേശീയപാത 66ലെ മേവറം മുതൽ കാവനാട് വരെ, റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്, തിരുമുല്ലാവാരം- കല്ലുപാലം എന്നീ റോഡുകളുടെ വികസനത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർവഹണ ചുമതല. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ള പൈപ്പിനും കേബിളുകൾക്കുമായി ഡിവൈഡറുകളിൽ കുഴലുകൾ സ്ഥാപിക്കുന്നതിനാൽ വർഷങ്ങളോളം ഈ റോഡ് മറ്റ് ആവശ്യങ്ങൾക്കായി വെട്ടിപ്പൊളിക്കേണ്ടി വരില്ല. എല്ലാ ജംഗ്ഷനുകളിലും ബസ് ബേ സഹിതമുള്ള വികസനം വരും. മേവറം- കാവനാട് റോഡിന്റെ വീതി കൂട്ടും. അതുകൊണ്ടുതന്നെ സ്ഥലമേറ്റെടുക്കലിനും സാദ്ധ്യതയുണ്ട്. മറ്റ് റോഡുകളിൽ സ്ഥലം ഏറ്റെടുക്കൽ ഉണ്ടാകില്ല.

# പദ്ധതിയുടെ പ്രത്യേകത

 ജി.പി.എസ് സംവിധാനത്തോടയുള്ള സോളാർ ട്രാഫിക് സിഗ്നലുകൾ
 മനോഹരമായ തെരുവ് വിളക്കുകളും നടപ്പാതകളും

 കേബിളുകൾക്കും കുടിവെള്ള പൈപ്പുകൾക്കുമായി പ്രത്യേക കുഴലുകൾ

....................................

# റോഡ്, നീളം, അനുവദിച്ച പണം

 മേവറം മുതൽ കാവനാട് വരെ: ₹ 95.7 കോടി, 13.15 കി. മീറ്റർ

 റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്: ₹ 37 കോടി, 6.3 കി. മീറ്റർ

 തിരുമുല്ലാവാരം- കല്ലുപാലം റോഡ്: 25.7 കോടി, 4.31 കി. മീറ്റർ

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി കൊല്ലം നഗരത്തിന്റെ ഗതാഗത- അടിസ്ഥാനസൗകര്യ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും

മന്ത്രി കെ.എൻ. ബാലഗോപാൽ