 
പരവൂർ: മരം മുറിക്കുന്നതിനിടെ കാലിൽ തടി വീണ് അപകടത്തിൽപ്പെട്ട യുവാവിനെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. ഹരിഹരപുരം തുണ്ടുവിള വീട്ടിൽ വിനീഷിനെയാണ് (27) രക്ഷിച്ചത്.
കോട്ടപ്പുറം സ്വദേശി കുമരഴികം വീട്ടിൽ രവീന്ദ്രന്റെ പറമ്പിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
പറമ്പിൽ നിന്ന പുളിമരം മുറിക്കുന്നതിനിടയിൽ ആണ് വിനീഷിന് പരിക്കേറ്റത്. മരത്തിന്റെ ഒരു ചില്ലയിൽ ഇരുന്ന് മുറിക്കുന്നതിനിടെ മറ്റൊരു ഭാഗം കാലിൽ വീഴുകയായിരുന്നു. മരത്തിനു മുകളിൽ അകപ്പെട്ട വിനീഷിനെ ഫയർഫോഴ്സ് ഏണിയും വലയും ഉപയോഗിച്ച് നിലത്തിറക്കുകയായിരുന്നു. അവശനായ വിനീഷിനെ അംബുലൻസിൽ കൊല്ലം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ചാർജ് ഓഫീസർ വി. വിജയകുമാർ, സീനിയർ ഫയർ ഓഫീസർ ബി. ശ്രീകുമാർ, ഫയർ ഓഫീസർമാരായ പി.എസ്. അജിൻ, എസ്. അനൂപ്, ഒ. കിരൺകുമാർ, സി. ഷാജി, ഡ്രൈവർമാരായ ജി. അനിൽകുമാർ, കെ.എസ്. ഗിരീഷ് കുമാർ, വൈ. അബ്ബാസ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.