kunnathoor
കാൽനടയാത്രക്കാർക്ക് യാത്ര ചെയ്യാൻ സൗകര്യമില്ലാത്ത കുന്നത്തൂർ ആറ്റുകടവ് സ്കൂളിനു സമീപത്തെ കൊടുംവളവ്

കൊട്ടാരക്കര - കുന്നത്തൂർ - സിനിമാപറമ്പ് റോഡ് വികസനം പാതിവഴിയിൽ നിലച്ചു

കുന്നത്തൂർ : ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച കൊട്ടാരക്കര - കുന്നത്തൂർ - സിനിമാപറമ്പ് റോഡ് വികസനം പാതിവഴിയിൽ നിലച്ചു. കിഫ്‌ബി പദ്ധതിയനുസരിച്ച് 20 കിലോമീറ്റർ റോഡിന്റെ നവീകരണത്തിന് 22 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കൊട്ടാരക്കര മുതൽ പുത്തൂർ ചന്തമുക്കുവരെയും കുന്നത്തൂർപാലം മുതൽ സിനിമാപറമ്പ് വരെയുമാണ് ആധുനിക സജ്ജീകരണങ്ങളോടെ റോഡ് നവീകരിക്കേണ്ടിയിരുന്നത്. ഇതിനിടയിൽ പുത്തൂർ മുതൽ കുന്നത്തൂർ പാലം വരെയുള്ള 5 കിലോമീറ്റർ ശിവഗിരി ഹൈവേയിൽ ഉൾപ്പെട്ടതായതിനാൽ ഒഴിവാക്കിയിരുന്നു. പഴയ റോഡ് പൂർണമായും ഇളക്കിമാറ്റിയശേഷം പുതിയ റോഡ് നിർമ്മിക്കുക, പാതയോരങ്ങളിൽ ടൈൽ പാകുക, കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കുക തുടങ്ങിയവയാണ് നവീകരണം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ചില ഭാഗങ്ങളിൽ മാത്രം റോഡ് ഇളക്കി മാറ്റിയും കൂടുതൽ ഭാഗങ്ങളിൽ റോഡ് ഇളക്കാതെ പഴയ റോഡ് നിലനിറുത്തിയുമാണ് നിർമ്മാണം പുരോഗമിച്ചത്.

റോഡിൽ അപകടക്കെണി

ആറ്റുകടവ് ഗവ. എൽ.പി സ്കൂളിനു സമീപത്തെ കൊടുംവളവിൽ അരയടി താഴ്ചയിൽ നിർമ്മിച്ച ഓടയ്ക്ക് മൂടിയില്ലാത്തതിനാൽ കാൽനടയാത്രികർ വലയുകയാണ്. സ്കൂൾ തുറന്നതോടെ കുട്ടികളടക്കം സഞ്ചരിക്കുന്ന റോഡിലാണ് ഈ അപകടക്കെണിയുള്ളത്.

കിഫ്ബി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം പോലുമില്ലാതെ പ്രധാന കരാറുകാരൻ ഉപകരാർ നൽകിയിരുന്ന കമ്പനി തോന്നുംപടിയാണ് നിർമ്മാണം നടത്തിയത്. കലുങ്കുകളും ഓടകളും മറ്റും നവീകരിക്കാതെയും ചിലയിടത്ത് അവ ഒഴിവാക്കിയുമുള്ള നിർമ്മാണം പ്രദേശവാസികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിൽ ടാർ ചെയ്ത് മണിക്കൂറുകൾക്കകം റോഡ് ഇളകിമാറിയ സംഭവവുമുണ്ടായി.

പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനും കിഫ്ബി ഉദ്യോഗസ്ഥർക്കും നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. രണ്ട് വർഷമായി റോഡിന്റെ നിർമ്മാണം നിലച്ചിരിക്കുകയാണ്. പാതിവഴിയിൽ നിലച്ച അശാസ്ത്രീയ നിർമ്മാണം മൂലം യാത്രക്കാർ വലയുകയാണ്. ശക്തമായ മഴയെ തുടർന്ന് കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ്, പുത്തൂർ ടൗൺ, കുന്നത്തൂർ, ഇടിഞ്ഞകുഴി ഭാഗങ്ങളിലെ റോഡ് തകർന്ന് കിടക്കുകയാണ്. അതിനിടെ നിർമ്മാണത്തിലെ അപാകത മൂലം കരാർ ഏറ്റെടുത്ത കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയതായും സൂചനയുണ്ട്.