 
പത്തനാപുരം: ഭിന്നശേഷിക്കാരുടെ പ്രയാസങ്ങളും പ്രതിസന്ധികളും കോടതികളിൽ എത്തുന്നില്ലെന്നും അവർ അവകാശങ്ങൾക്കായി പോരാടേണ്ടി വരുന്ന അവസ്ഥയാണെന്നും ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറും റിട്ട. ജഡ്ജിയുമായ എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാർക്കായുള്ള സേവനകേന്ദ്രം പത്തനാപുരം ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ നിയന്ത്രണത്തിൽ ഗാന്ധിഭവനിൽ ആരംഭിച്ച ഭിന്നശേഷി സേവനകേന്ദ്രം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള സഹായമാദ്ധ്യമമാണെന്ന് കമ്മിഷണർ വ്യക്തമാക്കി. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രതിഭകളായ ഭിന്നശേഷിക്കാർക്ക് ഗാന്ധിഭവന്റെ ആദരം കമ്മിഷണർ സമ്മാനിച്ചു. പണ്ടു സിന്ധു, ആസിം വെളിമണ്ണ, അജിത് കൃപ, അബ്ദുൾ സലാം, ഗൗതമി, ഹർഷിദ് കൃഷ്ണ, ശരത് പടിപ്പുര, ആർഷ വിമൽ, അഖിൽനാഥ്, സനിൽ വെണ്ടാർ, ജി. വിഷ്ണു, എന്നിവർക്കും ആലപ്പുഴ ജില്ലാ വീൽചെയർ യൂസേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ ഭാരവാഹികൾക്കുമാണ് ആദരവ് നൽകിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ഓർഫണേജ് കൺട്രോൾ ബോർഡ് പ്രൊബേഷൻ ഓഫീസർ ടി. ജയകുമാർ, കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ സുനിതാ രാജേഷ്, ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശ്, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ, പല്ലിശ്ശേരി, മുഹമ്മദ് ഷെമീർ, ജി. രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.