lorry
കൊല്ലം എഫ്.സി.ഐ ഗോഡൗണിലെ വാഹനങ്ങൾക്ക് ഓട്ടം നിഷേധിക്കുന്നുവെന്നാരോപിച്ച് ലോറി ഉടമകളും തൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചപ്പോൾ

കൊല്ലം: സപ്ലൈകോ ഗോഡൗണുകളിലേക്ക് സാധനങ്ങളെത്തിക്കുന്ന കൊല്ലത്തെ ലോറിത്തൊഴിലാളികൾ പണിമുടക്കി പ്രതിഷേധിച്ചു. തൊഴിലാളികളെ പട്ടിണിയിലാക്കും വി​ധം കരുനാഗപ്പള്ളിയിലെ ഗോഡൗണിൽ നിന്നു കൂടുതലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സപ്ലൈകോ ഗോഡൗണുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ഇന്നലെ 29 ലോഡ‌് ഗോതമ്പിന്റെ വിതരണം സമരം മൂലം മുടങ്ങി.

കൊല്ലം, കൊട്ടാരക്കര, പരവൂർ, കടയ്ക്കൽ ഗോഡൗണുകളിലേക്ക് കൊല്ലത്തെ എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ് സാധനങ്ങൾ എത്തിച്ചിരുന്നത്. ഈമാസം ആദ്യം മുതൽ തൊട്ടപ്പുറത്തുള്ള എസ്.ബി.ഐ ഓഫീസിന് എതിർവശത്തെ സപ്ലൈകോ ഗോഡൗണിലേക്ക് വരെ കരുനാഗപ്പള്ളയിൽ നിന്ന് ലോഡെത്തിക്കുകയായിരുന്നു. ഇതോടെ ഇവിടത്തെ ലോറിത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി​. ഇങ്ങനെ ഭക്ഷ്യധാന്യങ്ങളുടെ വിതരണം കരുനാഗപ്പള്ളിയിൽ കൂടുതലായി കേന്ദ്രീകരിക്കുന്നത് അവിടുത്തെ ലോറി കരാറുകാരനെ സഹായിക്കാനാണെന്നാണ് കൊല്ലത്തെ തൊഴിലാളികളുടെ ആരോപണം. എന്നാൽ എഫ്.സി.ഐ അധികൃതർ ഈ ആരോപണം നിഷേധിച്ചു. കൊല്ലത്ത് 74 ലോറികളാണ് ആകെയുള്ളത്. സപ്ലൈകോ ഗോഡൗണുകളിലേക്ക് എഫ്.സി.ഐയിൽ നിന്നു ലോഡ് എത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നത് സംസ്ഥാന പൊതുവിതരണ വകുപ്പാണ്. കരുനാഗപ്പള്ളിയിൽ നിന്നു കൂടുതൽ ലോഡ് നൽകി എഫ്.സി.ഐ ഉദ്യോഗസ്ഥർ സംസ്ഥാന ഖജനാവ് കൊള്ളയടിക്കാൻ ശ്രമിക്കുന്നുവെന്നും കൊല്ലത്തെ തൊഴിലാളികൾ ആരോപിച്ചു.

# ലോറി വാടക നിരക്ക്

 കൊല്ലം എഫ്.സി.ഐ- കൊല്ലം സപ്ലൈകോ ഗോഡൗൺ: 1600

 കരുനാഗപ്പള്ളി എഫ്.സി.ഐ- കൊല്ലം സപ്ലൈകോ ഗോഡൗൺ: 4600

 കൊല്ലം എഫ്.സി.ഐ- പരവൂർ: 3500

 കരുനാഗപ്പള്ളി- പരവൂർ: 7000

 കൊല്ലം- കൊട്ടാരക്കര: 4000

 കരുനാഗപ്പള്ളി - കൊട്ടാരക്കര: 5000

.................................

കൊല്ലത്തെ ഗോഡൗണിന് 10,000 ടൺ ശേഷിയാണുള്ളത്. കരുനാഗപ്പള്ളിയിൽ 30,000 ടൺ ആണ്. ആദ്യം വരുന്ന ലോഡ് ആദ്യം വിതരണം ചെയ്യും. കരുനാഗപ്പള്ളിയിൽ നേരത്തെ എത്തിയ ഭക്ഷ്യധാന്യം ഇരുന്നതു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തത്. തൊഴിലാളികൾ തെറ്റിദ്ധാരണ മൂലമാണ് സമരം ചെയ്തത്. അവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു

കൊല്ലം എഫ്.സി.ഐ അധികൃതർ