 
മണ്ണ് ഗവേഷണ സംഘത്തിന്റെ പരിശോധന
പുനലൂർ: ഉരുൾപൊട്ടി നാശനഷ്ടങ്ങളുണ്ടായ ആര്യങ്കാവ് ഇടപ്പാളയത്തെ കോളനികളിൽ ഇനിമുതൽ
ശാസ്ത്രീയ നിർമ്മാണങ്ങൾ മാത്രമേ നടത്താവൂ എന്ന് മണ്ണ് പരിശോധനാ വിദഗ്ദ്ധസംഘം അധികൃതർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. ഉരുൾപൊട്ടലുണ്ടായാൽ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറയ്ക്കാനായി തട്ടുതട്ടായുള്ള ശാസ്ത്രീയ നിർമ്മാണം നടത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെ.സി. ഹരിലാലിന്റെ നേതൃത്വത്തിലുള്ള പഠനസംഘമാണ് കഴിഞ്ഞ ദിവസം ഇടപ്പാളയത്ത് പരിശോധന നടത്തിയത്. വരും നാളുകളിൽ കോളനികളിൽ സജ്ജമാക്കേണ്ട സംരക്ഷണ നടപടികളെ സംബന്ധിച്ചും പഠനസംഘം ബന്ധപ്പെട്ട അധികൃതർക്ക് ശുപാർശ നൽകി. കാലവർഷത്തിൽ വിവിധ മേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം കഴുതുരുട്ടി ആറ്റിൽ എത്താനുള്ള തടസം നീക്കംചെയ്യണമെന്നും സംഘം നിർദ്ദേശിച്ചു. കോളനികളിൽ നടപ്പാക്കേണ്ട നിർമ്മാണ ജോലികളെ സംബന്ധിച്ചുള്ള എസ്റ്റിമേറ്റും പഠന റിപ്പോർട്ടും സർക്കാരിന് സമർപ്പിക്കും.
സംഘമെത്തിയത് മന്ത്രിയുടെ നിർദേശപ്രകാരം
കഴിഞ്ഞ മാസംപെയ്ത കനത്ത മഴയിൽ ഇടപ്പാളയത്തെ ആശ്രയ, തേവർകോട്, നാല് സെന്റ്, മൂന്ന് സെന്റ് കോളനി, ആറു മുറിക്കട എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടി വ്യാപകനാശം സംഭവിച്ചത്. പി.എസ്. സുപാൽ എം.എൽ.എ മന്ത്രി കെ. രാജനുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് മന്ത്രി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പിന്നീട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിദഗ്ദ്ധ സംഘത്തെ മന്ത്രി പഠനത്തിന് നിയോഗിച്ചിരുന്നു. അവർ പരിശോധന നടത്തിയെങ്കിലും മണ്ണുഗവേഷണ സംഘത്തെ കൂടി ഇടപ്പാളയത്തെ കോളനികളിൽ പരിശോധനയ്ക്ക് നിയോഗിക്കണമെന്ന് എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്താണ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ കെ.സി. ഹരിലാലിന്റെ നേതൃത്വത്തിലുളള പഠന സംഘമെത്തിയത്.
ഇതിന് മുൻപ് ഉരുൾ പൊട്ടിയത് 15 വർഷം മുമ്പ്
15 വർഷംമുമ്പ് ഉരുൾ പൊട്ടിയ ഇടപ്പാളയത്ത് വിദഗ്ദ്ധസംഘം അന്ന് പരിശോധന നടത്തിയിരുന്നു. ഉരുൾപൊട്ടാൻ സാദ്ധ്യതയുണ്ടെന്ന് അടയാളപ്പെടുത്തിയ സ്ഥലത്തുതന്നെയാണ് വീണ്ടും ഉരുൾ പൊട്ടി നാശം സംഭവിച്ചത്. ആര്യങ്കാവ് പഞ്ചായത്തിലെ ലൈഫ് ഭവന പാർപ്പിട പദ്ധതിയടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇടപ്പാളയത്തെ കോളനികളിലാണ് നടത്തിവന്നത്. ഇടപ്പാളയത്തിന് പുറമേ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ അമ്പനാട്, മെത്താപ്പ്, അരണ്ടർ, പ്രീയ എസ്റ്റേറ്റ് തുടങ്ങിയ തോട്ടം മേഖലകളിലും കഴിഞ്ഞ മാസം ഉരുൾ പൊട്ടി വ്യാപകനാശം സംഭവിച്ചിരുന്നു. ഇവിടെ റവന്യൂ, ജിയോളജി ഉൾപ്പെടെയുളള വകുപ്പുകൾ നേരത്തേ സംയുക്തമായി പഠനം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു.