train

 എല്ലാ ട്രെയിനുകളിലും തിക്കിത്തിരക്ക്

കൊല്ലം: ട്രെയി​നുകളി​ൽ തി​ങ്ങി​ഞെരുങ്ങി​യുള്ള യാത്രയ്ക്ക് വഴി​യൊരുക്കുന്ന റെയി​ൽവേ, കൊവി​ഡ് വ്യാപന ഭീഷണി​ രൂക്ഷമാക്കുന്നു. ഒട്ടുമിക്ക ട്രെയിനുകളിലെയും ജനറൽ കോച്ചുകളിൽ സൂചി​കുത്താൻ ഇടമി​ല്ലാത്ത അവസ്ഥയാണ്. പാസഞ്ചർ, മെമു ട്രെയിനുകളിൽ ഇപ്പോഴും എക്സ് പ്രസ് നിരക്ക് തുടരുന്നതും സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാവുന്ന ജനറൽ കോച്ചുകൾ കൊവിഡിന് മുൻപ് ഉണ്ടായിരുന്നത് പോലെ പുനസ്ഥാപിക്കാത്തതുമാണ് പ്രശ്നം.

കൊവിഡിന് മുൻപ് തിരുവനന്തപുരം ഭാഗത്തേക്ക് രാവിലെ പഠനത്തിനും ജോലിക്കും പോകുന്നവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആറ് ട്രെയിനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ വഞ്ചിനാട്, ഇന്റർസിറ്റി, തിരുവനന്തപുരം എക്സ് പ്രസ് എന്നീ മൂന്ന് ട്രെയിനുകളേയുള്ളു. തിരികെ വൈകിട്ട് ആറിനു മുമ്പ് വഞ്ചിനാടും ഇന്റർസിറ്റിയും മാത്രം. ഈ രണ്ട് ട്രെയിനുകളിലും നേരത്തെ മൂന്നോ നാലോ കോച്ചുകളൊഴികെ ബാക്കിയെല്ലാം ജനറലായിരുന്നു. ഇപ്പോൾ 4- 5 കോച്ചുകൾ മാത്രമാണ് ജനറൽ. ട്രെയിൻ കൊല്ലത്ത് എത്തുമ്പോൾ ഈ കോച്ചുകളിൽ സൂചി കുത്താൻ ഇടമുണ്ടാകില്ല. കൊല്ലത്ത് നിന്നുള്ള സീസൺ ടിക്കറ്റുകാർ കൂടി ഇടിച്ചുകയറുന്നതോടെ വായു പോലും കടക്കാത്ത അവസ്ഥയാകും.

ജനറൽ കോച്ചിൽ കയറിപ്പറ്റാനാകാത്തവർ റിസർവ്ഡ് കോച്ചുകളിൽ കയറും. ഇതോടെ എക്സ് പ്രസ് നിരക്ക് നൽകി സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് പ്രതീക്ഷിച്ച് കയറിവരും സീസൺ ടിക്കറ്റുകാരും തമ്മിൽ തർക്കമാകും. ചിറയിൻകീഴ്, പേട്ട, തിരുവനന്തപുരം സ്റ്റേഷനുകളിൽ എത്തുമ്പോൾ റിസർവ്ഡ് കോച്ചുകളിൽ കയറിയവരെ ആർ.പി.എഫുകാരും ടി.ടി.ഇമാരും ചേർന്ന് കുറ്റവാളികളെപ്പോലെ വളഞ്ഞുവച്ച് വൻതുക പിഴ ചുമത്തും. ഇങ്ങനെ എക്സ് പ്രസ് നിരക്കിലെ കൊള്ളയ്ക്ക് പുറമേ യാത്ര സൗകര്യം ഒരുക്കാതെ പിഴ ഈടാക്കിയും കീശ വീർപ്പിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് റെയിൽവേ. കൊല്ലം തിരുവനന്തപുരം എക്സ് പ്രസിന് കൊല്ലം കഴിഞ്ഞാൽ വർക്കലയിൽ മാത്രമേ സ്റ്റോപ്പുള്ളു. മയ്യനാട്, പരവൂർ സ്റ്റേഷനുകളിലെ സ്ഥിരം യാത്രക്കാർക്ക് വഞ്ചിനാടും ഇന്റർസിറ്റിയും മാത്രമാണ് രാവിലെ ആശ്രയം.

 ഇടിച്ചെത്തിയാലും ഹാജരില്ല!

വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകളിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ തലസ്ഥാനത്ത് എത്തുന്നത് ഇടിഞ്ഞുനുറുങ്ങിയാണ്. വഞ്ചിനാട് 10.05നും ഇന്റർസിറ്റി 9.55നുമാണ് തിരുവനന്തപുരത്ത് എത്തുന്നത്. പിന്നീട് ബസിലോ ഓട്ടോറിക്ഷയിലോ കയറി ഓഫീസിലും കോളേജുകളിലും എത്തുമ്പോൾ മണി 11 കഴിയും. വഞ്ചിനാട് രാവിലെ 5.05നും ഇന്റർസിറ്റി 5.15നുമാണ് എറണാകുളത്ത് നിന്നു പുറപ്പെടുന്നത്. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ കൂടുതൽ സമയം പിടിച്ചിടുന്നതിനാലാണ് തിരുവനന്തപുരത്ത് എത്താൻ വൈകുന്നത്. ഈ പ്രശ്നം പരിഹരിക്കണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർക്ക് അനക്കമില്ല.