
കൊല്ലം: കൊല്ലം- പുനലൂർ റെയിൽപാതയ്ക്ക് പിന്നാലെ പുനലൂർ- ചെങ്കോട്ട പാത വൈദ്യുതീകരണത്തിനു കൂടി അനുമതി ലഭിച്ചതോടെ മലയോരമേഖലയിലെ യാത്രാ ദുരിതത്തിന് അറുതിയാകും. കൊല്ലം- പുനലൂർ പാതയിൽ വരുന്ന മാർച്ചിലും ചെങ്കോട്ട പാതയിൽ 2023 മാർച്ചിന് മുൻപും വൈദ്യുതീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഒ രു പാത മാത്രം വൈദ്യുതീകരിച്ചതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകുമായിരുന്നില്ല. ദീർഘദൂര സർവീസുകൾ ആരംഭിക്കാനും ഇത് തടസമാകുമായിരുന്നു. തമിഴ്നാട്ടിലെ എല്ലാ പാതകളിലും വൈദ്യുതീകരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2023 മാർച്ചോടെ അവിടത്തെ ജോലികൾ പൂർത്തിയാകും. ഈ സാഹചര്യത്തിലാണ് ചെങ്കോട്ട പാത വൈദ്യുതീകരണത്തിനും റെയിൽവേ മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.
# കൊല്ലം- പുനലൂർ റൂട്ടിൽ തകൃതി
2017ൽ അനുമതി ലഭിച്ച് 5 മാസം മുൻപ് ജോലികൾ ആരംഭിച്ച കൊല്ലം- പുനലൂർ പാതയുടെ വൈദ്യുതീകരണ ജോലികൾ 50 ശതമാനം പൂർത്തിയായി. 60 കോടിയാണ് കരാർ തുക. വൈദ്യുതി ലൈൻ വലിക്കാനുള്ള പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി വരുന്നു. പുനലൂരിൽ 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചു. സ്വിച്ചിംഗ് സ്റ്റേഷനുകളും പുതിയ ഓഫീസുകളും പാത കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചു വരുന്നു.
# ഇത്രവേഗം റെയിൽവേ ഇതാദ്യം
 പുനലൂർ- ചെങ്കോട്ട പാതയുടെ വൈദ്യുതീകരണത്തിന് അനുവദിച്ചത് 61.32 കോടി
 ടെൻഡർ നടപടികൾ 14 മുതൽ 28 വരെ
 9 മാസത്തിനകം ജോലികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം
 റെയിൽവേ ഇത്രയും വേഗം ടെൻഡർ നടപടികൾ സ്വീകരിക്കുന്നത് ഇതാദ്യം
 നിരവധി തുരങ്കങ്ങൾ ഉള്ളതിനാൽ വൈദ്യുതീകരണം ദുഷ്കരം
 നൂറുകണക്കിന് മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരും
 ചെങ്കോട്ടയിൽ പുതിയ സബ് സ്റ്റേഷൻ നിർമ്മിക്കണം
............................
# പാസഞ്ചറുകൾ മെമു ആകും
 വൈദ്യുതീകരണത്തോടെ പാസഞ്ചർ ട്രെയിനുകൾ മെമു ആക്കും
 കൊല്ലത്തെ എൻജിൻ മാറ്റവും അതുമൂലമുള്ള സമയനഷ്ടവും ഒഴിവാകും
 കൊല്ലത്ത് അവസാനിപ്പിക്കുന്ന ചില സർവീസുകൾ പുനലൂർ വഴി ചെങ്കോട്ടവരെ നീട്ടാം
 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 20 വരെ ആക്കാനാവും
 ഗുരുവായൂർ–പുനലൂർ എക്സ് പ്രസ് മധുരയിലേക്കു നീട്ടാം
 മധുര–പുനലൂർ സർവീസ് സർക്കുലറാക്കി ശിവകാശി വഴി മധുരയിലേക്കു നീട്ടാം
 ചെങ്കോട്ടയിൽ യാത്ര അവസാനിപ്പിക്കുന്നവ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ നീട്ടാം
........................................................
# കൊല്ലം- ചെങ്കോട്ട സർവീസ് 15 മുതൽ (ബോക്സ്)
കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിറുത്തിവച്ച കൊല്ലം- ചെങ്കോട്ട പാസഞ്ചർ ട്രെയിൻ സർവ്വീസുകൾ 15ന് പുനരാരംഭിക്കും. സ്പെഷ്യൽ ട്രെയിനുകളായി ഓടിക്കുന്നതിനാൽ 30 രൂപയാണ് മിനിമം നിരക്ക്. പാസഞ്ചറിന് 10 രൂപയായിരുന്നു.
15ന് ചെങ്കോട്ട - കൊല്ലവും 16ന് കൊല്ലം- ചെങ്കോട്ടയും ഓടിത്തുടങ്ങും. രാവിലെ 10.20ന് കൊല്ലത്തു നിന്നും 11.35ന് ചെങ്കോട്ടയിൽ നിന്നും സർവീസുകൾ ആരംഭിക്കും.
ചെങ്കോട്ട- കൊല്ലം: രാവിലെ 11.35ന് ചെങ്കോട്ട, 11.45ന് ഭഗവതിപുരം, 12.25ന് ന്യു ആര്യങ്കാവ്, 12.40ന് തെൻമല, 1.11ന് ഇടമൺ, 1.45ന് പുനലൂർ, 1.55ന് ആവണീശ്വരം, 2.11ന് കൊട്ടാരക്കര, 2.21ന് എഴുകോൺ, 2.40ന് കുണ്ടറ, 2.53 ന് കിളികൊള്ളൂർ, 3.35ന് കൊല്ലം. കൊല്ലം- ചെങ്കോട്ട സ്പെഷ്യൽ: രാവിലെ 10.20ന് കൊല്ലം, 10.30ന് കിളികൊള്ളൂർ, 10.42ന് കുണ്ടറ, 10.56ന് എഴുകോൺ, 11.06 ന് കൊട്ടാരക്കര, 11.22 ന് ആവണീശ്വരം, 11.45ന് പുനലൂർ, 12.05ന് ഇടമൺ, 12.28ന് തെൻമല, 12.56 ന് ന്യൂ ആര്യങ്കാവ്, 1.30ന് ഭഗവതിപുരം, 2.20ന് ചെങ്കോട്ട.
ഈ ട്രെയിനുകളിൽ സീസൺ ടിക്കറ്റുകാർക്ക് യാത്ര ചെയ്യാം. റിസർവേഷൻ ഇല്ല. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുക്കാം. ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, ഒറ്റക്കൽ, കുരി, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല. മലയോര മേഖലയിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാവുകയാണ് ട്രെയിൻ സർവ്വീസുകൾ. ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി 'കേരളകൗമുദി' നിരന്തരം വാർത്തകൾ നൽകിയിരുന്നു.