കൊല്ലം: ഹൈക്കോടതി ഉത്തരവിന് പോലും വില നൽകാതെ കൊല്ലം മേയർ നീതി നിഷേധം നടത്തുന്നതായി വിമുക്തഭട പുനരധിവാസ കോർപ്പറേഷൻ എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. മേയർക്കെതിരെ സെക്രട്ടേറിയറ്റിന് മുമ്പിൽ അനിശ്ചിതകാല നിരാഹാരമടക്കം സമരപരിപാടികൾ ആരംഭിക്കുമെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വിമുക്തഭടൻമാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാൻ കൊല്ലം കോർപ്പറേഷൻ തയ്യാറായില്ല. ഇതിനെതിരെ നൽകിയ ഹർജിയിൽ വിമുക്തഭടൻമാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കണമെന്ന് 2020 നവംബർ 24ന് കോടതി ഉത്തരവിട്ടിരുന്നു.

വിധി നടപ്പാക്കാത്തതിനെത്തുടർന്ന് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ എത്രയും വേഗം വിമുക്തഭടൻമാരെ പുനരധിവാസ കോർപ്പറേഷൻ മുഖേന നിയമിക്കണമെന്ന് 2021 സെപ്റ്റംബറിൽ കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ കോർപ്പറേഷനുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ 21 വിമുക്ത ഭടൻമാരെ നിയമിച്ചു. എന്നാൽ,​ നിയമന ഉത്തരവുമായി മേയറെ സമീപിച്ചെങ്കിലും ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഇതിനെതിരെ നൽകിയ ഹർജിയിൽ ഇവർക്ക് 24 മണിക്കൂറിനുളളിൽ നിയമനം നൽകണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും അവർ പറഞ്ഞു.

ഭാരവാഹികളായ ആർ. മധുസൂദനൻ, ഷൈജു ചന്ദ്രൻ, രഞ്ജിത്ത് കുമാർ, എൽ. കൃഷ്ണകുമാർ, സി.അഭിലാഷ് എന്നിവർ പങ്കെടുത്തു