 
അമ്പതോളം പേരെ അറസ്റ്റുചെയ്ത് നീക്കി
ചാത്തന്നൂർ : അതിവേഗ റെയിൽ പദ്ധതിയായ കെ - റെയിലിന്റെ സ്ഥലമേറ്റെടുക്കലിനായി കല്ലിടീൽ തുടരുന്ന ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിച്ചു. ചാത്തന്നൂർ പഞ്ചായത്തിലെ കോതേരി, കുളമട തൊടി ഭാഗത്തെ കല്ലിടീൽ യു.ഡി.എഫ് നേതാക്കൾ തടഞ്ഞു. തുടർന്ന് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാർ സംഘടിച്ച് കല്ലിടീൽ തടസപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി കെ റെയിൽ വിരുദ്ധ സമരം ഏറ്റെടുത്തത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ സാധാരണക്കാർക്കും ഗ്രാമീണ ജനവിഭാഗങ്ങൾക്കും പ്രയോജനമില്ലാത്ത അതിവേഗ റെയിലുമായി ഇടത് സർക്കാർ മുന്നോട്ട് പോകുന്നത് അഴിമതി ലക്ഷ്യം വെച്ചാണെന്നും ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാനുമതി ലഭിക്കാതെയും പരിസ്ഥിക പഠനം നടത്താതെയുമുള്ള അതിവേഗ റെയിൽ പദ്ധതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എം. സുന്ദരേശൻ പിള്ള, ബിജു പാരിപ്പള്ളി, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ സ്റ്റാലിൻ തുടങ്ങിയവർ പ്രസംഗിച്ചു.
കല്ലിടീലിനെത്തിയവരെ തടയാൻ ശ്രമിച്ചതിന് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ അമ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഉച്ചയോടെ വിട്ടയച്ചു. നെടുങ്ങോലം രഘു, എം. സുന്ദരേശൻ പിള്ള, ബിജു പാരിപ്പള്ളി, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, സജി സാമുവൽ, ശ്രീലാൽ ചിറയത്ത്, ജോൺ ഏബ്രഹാം, ആർ. സ്റ്റാലിൻ, രാജീവ്, സുജയ് കുമാർ, ഉളിയനാട് ജയൻ, പൊഴിക്കര വിജയൻ പിള്ള, അനിൽ മംഗലത്ത്, വരിഞ്ഞം സുരേഷ് ബാബു, കൊച്ചാലും മൂട് സാബു, കൃഷ്ണപിള്ള, മധു പാറയിൽ തുടങ്ങി അമ്പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ, എസ്.ഐമാരായ ആശ, പ്രകാശൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കെ റെയിൽ സ്പെഷ്യൽ തഹസിൽദാർ അനിൽ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കല്ലിടീൽ നടത്തുന്നത്.