പുത്തൂർ : പൂവറ്റൂരിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ജി. രതികുമാർ ഉദ്ഘാടനം ചെയ്തു. കുളക്കട ഗ്രാമ പഞ്ചായത്തിനുള്ളിൽ താത്കാലിക ഡ്രൈവർ തൂങ്ങിമരിച്ച സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിയെയും എൽ.ഡി.എഫിനെയും കുറ്റപ്പെടുത്തി യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത് കുപ്രചാരണങ്ങളാണെന്ന് യോഗത്തിൽ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയർന്നു. സി.പി.ഐ കുളക്കട ഈസ്റ്റ് ലോക്കൽ സെക്രട്ടറി സുജിത് കുമാർ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ജോൺസൺ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, ജി. സുന്ദരേശൻ, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ, വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, സി.പി.എം കുളക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രാജേഷ്, ജി. മാധവൻ നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. രഞ്ജിത് എന്നിവർ സംസാരിച്ചു.