corperation

കൊല്ലം: നഗരസഭയിൽ അമൃത് പദ്ധതികൾ ഇഴയുന്നു. പദ്ധതിയിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുത്തിട്ടുള്ള ഒമ്പത് നഗരസഭകളിൽ ഏറ്റവും പിന്നിലാണ് കൊല്ലം. 253.45 കോടിയാണ് കൊല്ലം കോർപ്പറേഷന്റെ ആദ്യഘട്ടത്തിലെ ആകെ പദ്ധതിത്തുക. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെയും കുരീപ്പുഴ സ്വീവേജ് പ്ലാന്റ് പദ്ധതിയുടെയും എസ്റ്റിമേറ്റ് ഉയർന്നതോടെ ആകെ ചെലവിടേണ്ട തുക 300.40 കോടിയായി ഉയർന്നു. ഇതിൽ 175. 51 കോടിയുടെ പദ്ധതികൾ മാത്രമാണ് ഇതുവരെ കരാർ നൽകി നിർവഹണം ആരംഭിച്ചത്. 70.40 കോടി മാത്രമാണ് ഇതുവരെ ചെലവിട്ടത്. ഇനിയും ആരംഭിച്ചിട്ടില്ലാത്ത പദ്ധതികൾക്ക് മാർച്ച് 31ന് മുമ്പ് കരാറായില്ലെങ്കിൽ അതിനായി നീക്കിവച്ച പണം നഷ്ടമാകാൻ സാദ്ധ്യതയുണ്ട്.

ചതിച്ചത് വാട്ടർ അതോറിട്ടി

വാട്ടർ അതോറിട്ടി നിർവഹണ ഏജൻസിയായുള്ള പദ്ധതികളാണ് ഏറ്രവും കൂടുതൽ ഇഴയുന്നത്. 174 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നത് വാട്ടർ അതോറിട്ടിയാണ്. ഇതിൽ 47 കോടി മാത്രമാണ് ചെലവിട്ടത്. ഞാങ്കടവ് പദ്ധതിയുടെ തടയണ നിർമ്മാണത്തിന്റെയും വസൂരിച്ചിറിയിലെ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെയും കരാർ കോടതിയിലേക്ക് നീണ്ടതാണ് പ്രശ്നമായത്. ഉളിയക്കോവിലിലും തങ്കശ്ശേരിയിലും സ്വിവറേജ് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയായി. തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ വിഭാഗത്തിൽ കൊല്ലം അഞ്ചാം സ്ഥാനത്താണ്.

അമൃത് പദ്ധതി നഗരങ്ങളും

ചെലവും(ശതമാനത്തിൽ)

ആലപ്പുഴ: 77.07

ഗുരുവായൂർ: 64.20

കണ്ണൂർ: 62.91

പാലക്കാട്: 62.04

തിരുവനന്തപുരം: 57.73

കൊച്ചി: 51.48

തൃശ്ശൂർ: 50.45

കോഴിക്കോട്: 38.45

കൊല്ലം: 23.44