 
ശാസ്താംകോട്ട: തടാകത്തിൽ നിന്നുള്ള അമിത ജലചൂഷണം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബദൽ കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ നഷ്ടമായത് കോടിക്കണക്കിന് രൂപ. കോടികൾ വിലവരുന്ന പൈപ്പുകൾ തടാക തീരത്ത് കിടന്ന് നശിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ തടാകത്തിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം കരയിലേക്ക് കയറി. ഇതോടെ പൈപ്പുകൾ തടാകത്തിലൂടെ ഒഴുകി നടക്കുന്ന അവസ്ഥയുമുണ്ടായി. തുടർന്നു കായൽ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്വത്തിലാണ് 20 മീറ്റർ നീളമുള്ള കൂറ്റൻ പൈപ്പുകൾ കരയ്ക്കെത്തിച്ചത്.തടാക സംരക്ഷണത്തിനായി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിയാണ് എൽ.ഡി.എഫ് സർക്കാർ ഉപേക്ഷിച്ചത്.
പൈപ്പുകൾ തടാകത്തിൽ കിടന്ന് നശിക്കുന്നു
പദ്ധതിക്കായി 14.5 കോടിയുടെ ഫണ്ടാണ് വകയിരുത്തിയത്. 2014ൽ പദ്ധതിക്കായി 7 .67 കോടി രൂപ ചെലവഴിച്ച് ഗുണനിലവാരമുള്ള കാസ്റ്റ് അയൺ പൈപ്പുകൾ കടപുഴ മുതൽ ശാസ്താംകോട്ട വരെയുള്ള 5 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുകയും ചെയ്തു. പല മേഖലകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നതോടെ എൽ.ഡി.എഫ് സർക്കാർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പൈപ്പുകൾ മറ്റു പദ്ധതികൾക്കായി ഉപയോഗിക്കാതെ തടാകത്തീരത്ത് ഉപേക്ഷിച്ചതോടെ കോടികളാണ് പാഴായത്. പൈപ്പുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ ജല അതോറിറ്റി അധികൃതരെ സമീച്ചെങ്കിലും തുടർ നടപടികൾ കൈക്കൊണ്ടില്ല.
പദ്ധതി വന്ന വഴി
ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് തടാകത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് പറഞ്ഞ് സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭങ്ങളെ തുടർന്നാണ് ബദൽ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. കല്ലടയാറ്റിൽ കടപുഴയിൽ തടയണ കെട്ടി വെള്ളം പൈപ്പ് വഴി ശാസ്താംകോട്ടയിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് നിലവിൽ ചെയ്യുന്നത് പോലെ ജലം വിതരണം നടത്തുന്നതായിരുന്നു ബദൽ പദ്ധതി.
പദ്ധതിക്കായി 14.5 കോടിയുടെ ഫണ്ടാണ് വകയിരുത്തിയത്