chinju

കഠിനം തന്നെ... കൊല്ലം ലാൽബഹാദൂർ സ്റ്റേഡിയത്തിൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജെ.ചിഞ്ചുറാണി ഷോട്ട്പുട്ട് എറിയുന്നു

ഫോട്ടോ ശ്രീധ‌ർലാൽ എം. എസ്.

കൊല്ലം: മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിന് തുടക്കമായി. ലാൽബഹാദുർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റേഴ്സ് ​ഗെയിംസ് ഫെഡറേഷൻ സെക്രട്ടറി ജനറൽ വിനോദ്കുമാർ, ക്യു.എ.സി പ്രസിഡന്റ് കെ. അനിൽകുമാർ, കോർപ്പറേഷൻ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ എ.കെ. സവാദ്, മാസ്റ്റേഴ്സ് ​ഗെയിംസ് അസോസിയേഷൻ കൊല്ലം പ്രസിഡന്റ് ഡിങ്കി ഡിക്രൂസ്, സംസ്ഥാന പ്രസിഡന്റ് എ. അബ്ദുൽ കരീം, സെക്രട്ടറി ആ‌ർ.എസ്. പ്രശാന്ത്, ട്രഷറർ എച്ച്.എൻ. ബൈജു, ജില്ലാ സെക്രട്ടറി എ. അനിലാൽ, പൂജാ ഷിഹാബ് എന്നിവർ പങ്കെടുത്തു.

15 ഇനങ്ങളിലായി വിവിധ ജില്ലകളിൽ നിന്ന്‌ 2500 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. സൈക്ലിം​ഗ്, ആർച്ചറി, ഷൂട്ടിംഗ് മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. കബഡി, വോളിബാൾ ആ​ദ്യ റൗണ്ട് മത്സരങ്ങളും നടന്നു. അത്‌ലറ്റിക്‌സ്‌ ഇനങ്ങൾ ശനിയാഴ്ച നടക്കും. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ക്യു.എ.സി മൈതാനം, കൊല്ലം എസ്‌.എൻ വനിതാ കോളേജ്‌, ഫാത്തിമ മാതാ നാഷണൽ കോളേജ്‌, ആശ്രാമം ഹോക്കി സ്റ്റേഡിയം, അയത്തിൽ ജംഗ്ഷനിലെ ടർഫ്‌, ചാത്തന്നൂർ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളാണ്‌ വേദി.

ഇന്ന് മന്ത്രി ചിഞ്ചുറാണി ട്രാക്കിൽ

മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ന് നടക്കുന്ന 45 വയസിന് മുകളിലുള്ളവർക്കുള്ള നൂറു മീറ്റർ ഓട്ടമത്സരത്തിൽ മുൻ കായിക താരം കൂടിയായ മന്ത്രി ചിഞ്ചു റാണി മാറ്റുരയ്ക്കും.