v

യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു

ഓയൂർ: ചടയമംഗലം ഡിപ്പോയിൽ നിന്ന് അമ്പലംകുന്ന്, വാപ്പാല വഴി ഓടനാവട്ടം വരെ രാവിലെ 7 മണിക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. സ്കൂളുകൾ തുറന്നതോടെ കുട്ടികളെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമായി കുട്ടികളെ സ്കൂളിലെത്തിച്ച ശേഷം മാത്രമേ രക്ഷിതാക്കൾക്ക് ജോലിക്ക് പോകാനാകുന്നുള്ളൂ. തീർത്തും മലയോര പ്രദേശമായ ഇവിടെ ഒരു കെ.എസ്.ആർ.ടി.സി മാത്രമാണ് സർവീസ് നടത്തുന്നത്. മുല്ലക്കര രത്നാകരൻ എം.എൽ.എ ആയിരുന്ന സമയത്ത് ആരംഭിച്ച സർവീസാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തലാക്കിയത്. എത്രയും വേഗം ഈ സർവീസ് പുനരാരംഭിച്ച് നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.