cbse

# അന്യ സംസ്ഥാനങ്ങളിൽ പിഴ ഈഴാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കൊല്ലം: മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ, സി.ബി.എസ്.ഇ പ്ളസ് ടു വിദ്യാർത്ഥികളുടെ ഉപരിപഠനം അവതാളത്തിൽ. പരീക്ഷാഫലം വന്നതിന് തൊട്ടുപിന്നാലെ ഭൂരിഭാഗം വിദ്യാർത്ഥികളും സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള പല സർവകലാശാലകളിലും അഡ്മിഷൻ നേടിയിരുന്നു. സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അനുവദിച്ചിരുന്ന സമയം പിന്നിട്ടും ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ല. ഇതുവരെ എത്തിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. 'ഡിജിലോക്കർ' സംവിധാനത്തിലൂടെ ഓൺലൈനായി സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നാണ് അറിയിപ്പെങ്കിലും പലർക്കും ലഭിക്കുന്നില്ല.

ബംഗളൂരുവിൽ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരിൽ നിന്ന്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വൈകുന്നതിന്റെ പേരിൽ പിഴ ഈടാക്കുന്നുണ്ട്. കർണാടകയിലെ ഒരു സ്വകാര്യ കോളേജിൽ പ്രതിദിനം 1,000 രൂപ വരെയാണ് പിഴയായി വാങ്ങുന്നതെന്ന് ഒരു വിദ്യാർത്ഥി 'കേരളകൗമുദി'യോട് പറഞ്ഞു. 15ന് മുൻപ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പ്രവേശനം റദ്ദാക്കുമെന്നുമാണ് സ്കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചില സ്വകാര്യ കൽപിത സർവകലാശാലകളും ഇത്തരത്തിൽ പിഴ ഈടാക്കുന്നുണ്ടെന്നാണ് സൂചന.

# മൈഗ്രേഷൻ സർട്ടിഫിക്കറ്റ്

പഠനം പൂർത്തിയാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട സർവകലാശാലയോ ബോർഡോ നൽകുന്ന ആധികാരിക രേഖയാണ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ്. പരീക്ഷാഫലം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം ഇതു നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും സി.ബി.എസ്.ഇ ഇതുവരെ ലഭ്യമായിട്ടില്ല. നിലവിൽ പഠിച്ചിരുന്ന സിലബസിൽ നിന്ന് മ​റ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ വിദ്യാഭ്യാസ ബോർഡിലേക്കോ പ്രവേശനം നേടാൻ ഇതാവശ്യമാണ്.

# സർട്ടിഫിക്കറ്റ് ലഭ്യമാകാൻ


 ഓരോ വിദ്യാർത്ഥികൾക്കും ഡിജിലോക്കർ അക്കൗണ്ട് ഉണ്ടാകും

 വിദ്യാർത്ഥികൾ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം
 ആദ്യമായി ഉപയോഗിക്കുന്ന ആളാണെങ്കിൽ, 'സുരക്ഷാ പിൻ മറന്നോ?' ഐക്കൺ ക്ലിക്ക് ചെയ്യുക

 രജിസ്​റ്റർ ചെയ്ത മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
 ലഭ്യമാകുന്ന 6 അക്ക പിൻ നൽകുക.
 രജിസ്​റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒ.ടി.പി നൽകി ലോഗിൻ ചെയ്യുക

 'ബ്രൗസ് ഡോക്യുമെന്റിൽ' ക്ലിക്കുചെയ്ത് വിദ്യാഭ്യാസ വിഭാഗത്തിൽ 'സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സി.ബി.എസ്.ഇ)' തിരഞ്ഞെടുക്കണം

# അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ

 ഡിജിലോക്കറിൽ സൈൻ അപ്പ് ചെയ്ത് ആധാർ നമ്പറുകൾ ലിങ്ക് ചെയ്യണം

 ആധാർ ഒ.ടി.പി വെരിഫിക്കേഷൻ നടത്താൻ കഴിയുന്നില്ലെങ്കിൽ, ഡെമോഗ്രാഫിക് വിശദാംശങ്ങൾ (ആധാർ നമ്പർ, പേര്, ജനനത്തീയതി, ആധാർ അനുസരിച്ച് ലിംഗഭേദം) നൽകി ആധാർ ലിങ്ക് ചെയ്യാൻ കഴിയും

 മൊബൈൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ഡിജിലോക്കർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാം.

..................................

വിദ്യാർത്ഥികൾക്കുള്ള മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ ഇതുവരെയും ബന്ധപ്പെട്ട സ്‌കൂളുകളിൽ എത്തിയിട്ടില്ല. സി.ബി.എസ്.ഇയുടെ ഡിജിലോക്കർ സംവിധാനം പ്രയോജനപ്പെടുത്തി സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും

സി.ബി.എസ്.ഇ അധികൃതർ