 
കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 2594-ാം നമ്പർ ചിറവൂർ ശാഖയിൽ നിർമ്മിച്ച ഗുരുമന്ദിരത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ഇന്ന് രാവിലെ 9.40നും 12.20നും മദ്ധ്യേ ശിവഗിരിമഠം തന്ത്രി നാരായണ പ്രസാദിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 16ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുമന്ദിര സമർപ്പണവും പൊതുയോഗം ഉദ്ഘാടനവും നിർവഹിക്കും. ഗുരുദേവ ഭക്തനും പ്രവാസിയുമായ ചിതറ മുള്ളിക്കാട് പവിത്രത്തിൽ വിജയൻ, ഭാര്യ ഷൈല വിജയന്റെ സ്മരണയ്ക്കായി ചിതറ കിഴക്കുംഭാഗം ബൗണ്ടർമുക്കിലെ നാലുസെന്റിൽ മൂന്നു നിലകളായാണ് മന്ദിരം പണികഴിപ്പിച്ചത്. പഞ്ചലോഹ വിഗ്രഹവും അദ്ദേഹത്തിന്റെ സമർപ്പണമാണ്.
16ന് വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിക്കും.
ചിതറ പഞ്ചായത്തിലെ തൊഴിൽ രഹിതരായ കർഷകരെ സഹായിക്കാനായി 'ഗുരുഗ്രാമം പശുഗ്രാമം' പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. മന്ദിരസമർപ്പണം നടത്തിയ പവിത്രത്തിൽ വിജയന്റെ സംഭാവനയായി പഞ്ചായത്തിലെ 400 ക്ഷീര കർഷകർക്ക് പശുക്കളെ വിതരണം ചെയ്യും. ആദ്യ പശുവിനെ കൈമാറൽ മുൻ മന്ത്രി മുല്ലക്കര രത്നാകരനും ഇൻഷ്വറൻസ് സർട്ടിഫിക്കറ്റുകളുടെ വിതരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ആദരിക്കും.
ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി, കടയ്ക്കൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, ജില്ലാ പഞ്ചായത്ത് അംഗം ജെ. നജീബത്, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചിതറ മുരളി, മിനി ഹരികുമാർ, പി. സിന്ധു, ചിതറ വെറ്ററിനറി സർജൻ ഡോ. നിസാം, യൂണിയൻ കൗൺസിലർമാരായ പാങ്ങലുകാട് ശശിധരൻ, എൻ. നളിനാക്ഷൻ, വി. അമ്പിളിദാസൻ, കെ. രഘുനാഥൻ, കെ. രാഹുൽരാജ്, പി. അനിൽകുമാർ എന്നിവർ സംസാരിക്കും. കടയ്ക്കൽ യൂണിയൻ വനിതാസംഘം പ്രസിഡന്റ് കെ.എം. മാധുരി ഗുരുസ്മരണ നിർവഹിക്കും. ചിറവൂർ ശാഖാ കൺവീനർ എസ്. രാജീവ് സ്വാഗതവും ശാഖാ കമ്മിറ്റി ചെയർമാൻ കെ. ബാബു നന്ദിയും പറയും.