കൊല്ലം: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2020-21 വാർഷിക പദ്ധതി പ്രകാരം വിമുക്തഭടന്മാർക്കായി നിർമ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് പത്തനാപുരം മഞ്ചള്ളൂർ നടുക്കുന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ് അദ്ധ്യക്ഷത വഹിക്കും. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, എം. ജിയാസുദ്ദീൻ, ഷീജ ഷാനവാസ്, ബൽക്കീസ് ബീഗം, മണി സോമൻ എന്നിവർ പങ്കെടുക്കും. എല്ലാ വിമുക്തഭടൻമാരും കുടുംബാംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുക്കണമെന്ന് കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പത്തനാപുരം യൂണിറ്റ് പ്രസിഡന്റ്‌ ചന്ദ്രശേഖര പിള്ള, യൂണിറ്റ് പ്രസിഡന്റ്‌ ദിലീപ് നടുമുരുപ്പ്, ട്രഷറർ ഡി. കമലാസനൻ എന്നിവർ അറിയിച്ചു.