k-rail

കൊല്ലം: അതി​വേഗ റെയി​ൽ പാതയി​ൽ ജി​ല്ലയി​ലുള്ള ഏക സ്റ്റേഷൻ നി​ർമ്മി​ക്കാൻ മുഖത്തല നവദീപ് സ്കൂളി​ന് പി​ന്നി​ലായി​ 70 ഹെക്ടർ ഭൂമി​ ഏറ്റെടുക്കും. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവി​ടേക്ക് ഏഴു കി​ലോമീറ്ററോളം ദൂരമുണ്ട്.

തൃക്കോവിൽവട്ടം, വടക്കേവിള, തഴുത്തല വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. സ്റ്റേഷൻ, ഡിപ്പോ, പുറത്തേക്കുള്ള വഴി, പാർക്കിംഗ്, സർവീസിനും അറ്റകുറ്റപ്പണിക്കുമുളള സൗകര്യങ്ങൾ, യാത്രക്കാർക്കുള്ള ഭൗതിക സൗകര്യങ്ങൾ തുടങ്ങി​യവ സ്റ്റേഷനോടു ചേർന്ന് ഒരുക്കും. ഇന്ത്യൻ ഗ്രീൻ ബിൽഡ്‌ കൗൺസിലിന്റെ ശുപാർശപ്രകാരം പരിസ്ഥിതി സൗഹൃദ രീതിയിലാകും കെട്ടിട നിർമാണം.
ഡൽഹി ആസ്ഥാനമായ എൽ.കെ.ടി എൻജിനീയറിംഗ് കമ്പനിയെ കൺസൾട്ടന്റായി കെ റെയിൽ നിയോഗിച്ചു. ഡിസൈൻ, പ്ലാൻ തുടങ്ങിയവ ഇവർ തയ്യാറാക്കും. വിശദ റിപ്പോർട്ട് മൂന്നുമാസത്തിനകം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. കൊല്ലത്തിന് പുറമേ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശേരി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ സ്റ്റേഷനുകളുടെ ഡിസൈനും ഈ കമ്പനിയാണ് തയ്യാറാക്കുക.

# സംസ്കരണ പ്ളാന്റ്

സ്റ്റേഷന് പുറമേ, കൊല്ലത്ത് നിർമ്മിക്കുന്ന ഡിപ്പോയിൽ അറ്റകുറ്റപ്പണികൾക്ക് സൗകര്യമുണ്ടാകും. ട്രെയിനിലെ കക്കൂസ് മാലി​ന്യങ്ങൾ ശാസ്‌ത്രീയമായി സംസ്‌കരിക്കാനുള്ള സൗകര്യവും ട്രെയിൻ കഴുകി വൃത്തിയാക്കാൻ ഓട്ടോമാറ്റിക്ക്‌ വാഷ്‌ പ്ലാന്റും സജ്ജമാക്കും. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 454 അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു. പാരിപ്പള്ളി, കല്ലുവാതുക്കൽ, മീനാട്‌ വില്ലേജുകളിലായി 8.2 കിലോമീറ്ററിലാണ് കല്ലുകൾ സ്ഥാപിച്ചത്. അതേസമയം കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്. കല്ലുകൾ ഇളക്കി മാറ്റുക, ഉദ്യോഗസ്ഥരെ തടയുക തുടങ്ങിയ സമര പരിപാടികളാണ് നടക്കുന്നത്.