xl
വവ്വക്കാവ് - മണപ്പള്ളി റോഡിൽ മണപ്പള്ളി ജംഗ്ഷനിൽ റോഡിലേക്ക് അപകടകരമായ നിലയിൽ ചരിഞ്ഞ് നിൽക്കുന്ന വൈദ്യുതി പോസ്റ്റ്

തഴവ: വവ്വാക്കാവ് - മണപ്പള്ളി റോഡിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. വവ്വാക്കാവ് ജംഗ്ഷൻ മുതൽ മണപ്പള്ളി വരെ ഏകദേശം പതിനഞ്ചോളം വൈദ്യുതി പോസ്റ്റുകളാണ് റോഡിലെ ടാറിംഗിനോട് ചേർന്ന് സ്ഥിതിചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി റോഡിന് വീതി വർദ്ധിപ്പിച്ച് ടാർ ചെയ്തതോടെയാണ് ഇരുവശങ്ങളിലുമുള്ള പല പോസ്റ്റുകളും യാത്രക്കാർക്ക് ഭീഷണിയാകുന്ന അവസ്ഥയിലായത്. ഭഗവതി ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരൻ വൈദ്യുതി പോസ്റ്റിലിടിച്ച് മരിച്ചത് ഉൾപ്പടെ നിരവധി വാഹനാപകടങ്ങളാണ് സമീപകാലത്തുണ്ടായത്. റോഡ് നവീകരണം പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി പോസ്റ്റുകൾ സുരക്ഷിതമായി മാറ്റി സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷവും തുടർ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

യാത്രക്കാർ ആശങ്കയിൽ

തിരക്കേറിയ മണപ്പള്ളി ജംഗ്‌ഷനിൽ റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന വൈദ്യുതി പോസ്റ്റ് യാത്രക്കാരെയും കച്ചവടക്കാരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. മൂന്ന് ഭാഗങ്ങളിലേക്കുള്ള ഹൈടെൻഷൻ ലൈനുകൾ ഉൾപ്പടെ ഇരുപതോളം വൈദ്യുതി കമ്പികളാണ് പോസ്റ്റിൽ ഘടിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളോട് ചേർന്ന് നിൽക്കുന്ന ഈ പോസ്റ്റ് കുറച്ചുകൂടി ചരിയുകയോ നിലംപൊത്തുകയോ ചെയ്താൽ വൻ അപകടമുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു.

റോഡിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതി പോസ്റ്റുകൾ സുരക്ഷിത സ്ഥാനങ്ങിലേക്ക് മാറ്റുന്നത് സംബന്ധിച്ച് എസ്റ്റിമേറ്റെടുക്കുന്നതിനുള്ള പ്രാഥമിക നിർദേശം പോലും പി.ഡബ്ലിയു.ഡി നൽകിയിട്ടില്ല. മണപ്പള്ളി ജംഗ്‌ഷനിൽ അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റിന് പകരം ഫോർ ലെഗ് പോൾ പോസ്റ്റാണ് സ്ഥാപിക്കേണ്ടത്. ഇത് ആർ.ബി.എസ്.എസ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

പി. രാഗേഷ്, സബ് എൻജിനിയർ, കെ.എസ്.ഇ.ബി, മണപ്പള്ളി

റോഡ് നവീകരണം പൂർത്തിയായത് മുതൽ വാഹനങ്ങൾ ഇതുവഴി വേഗതയിലാണ് സഞ്ചരിക്കുന്നത്. റോഡിനോട് ചേർന്ന് നിൽക്കുന്ന പോസ്റ്റുകൾ നിരന്തര അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇക്കാര്യത്തിൽ അധികൃതർ കടുത്ത അനാസ്ഥയാണ് തുടരുന്നത്.

ഫൈസൽ മണപ്പള്ളി, പൊതുപ്രവർത്തകൻ