
കൊല്ലം: ട്രാക്കിൽ പണ്ടുണ്ടായിരുന്ന ആവേശം ആവാഹിച്ച് മന്ത്രി ജെ. ചിഞ്ചുറാണി വീണ്ടുമിറങ്ങിയപ്പോൾ 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം! ഇന്ന് ഹാൻഡ് ബാൾ, ജവാലിൻ മത്സരങ്ങൾ കൂടിയുണ്ട്. മറ്റ് ഔദ്യോഗിക അത്യാവശ്യങ്ങൾ വന്നില്ലെങ്കിൽ ഈ ഇനങ്ങളിലും ഒരു പയറ്റിനുള്ള ഒരുക്കത്തിലാണ് മന്ത്രി.
മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന്റെ മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിന്റെ ഭാഗമായി കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന, 50 വയസിന് മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിലാണ് മന്ത്രി പങ്കെടുത്തത്.
മുൻ കായികതാരമായ ചിഞ്ചുറാണി 35 വർഷത്തിനു ശേഷമാണ് ട്രാക് സ്യൂട്ടണിഞ്ഞ് ഇറങ്ങുന്നത്.
ഒപ്പമോടിയവരും സംഘാടകരുമൊക്കെ മന്ത്രിയുടെ പഴയ 'ട്രാക്ക് മേറ്റ്സ്' ആണ്. 'സ്വന്തം നാട്ടിൽ ഇങ്ങനൊരു കായികമേള നടക്കുമ്പോൾ പങ്കെടുത്തില്ലെങ്കിൽ പിന്നെ ഞാനെന്തിനാണ് പഴയ കായികതാരമെന്ന പേരിൽ ഇവിടെ നിൽക്കുന്നത്'- മത്സരശേഷം മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ദേശീയമീറ്റിൽ പങ്കെടുത്തതും 5000 മീറ്റർ ഓട്ടത്തിൽ വിജയിച്ചതുമൊക്കെ മന്ത്രി പങ്കുവച്ചു. താൻ പരിശീലനത്തിൽ പങ്കെടുത്ത അതേ സ്റ്റേഡിയത്തിൽ വർഷങ്ങൾക്ക് ശേഷം വീണ്ടുമിറങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷവും മന്ത്രി മറച്ചുവച്ചില്ല.
1985ന് ശേഷം കായിക മത്സരങ്ങളിലൊന്നും പങ്കെടുക്കാൻ കഴിയാത്തതിന്റെ നിരാശയും ഒപ്പമുള്ളവരൊക്കെ പി.എസ്.സിയിലൂടെ സർക്കാർ ജോലി വാങ്ങിയ കാര്യവും മന്ത്രി പറഞ്ഞപ്പോൾ 'അതിനെന്താ, ഇപ്പോൾ നാട് ഭരിക്കുന്ന മന്ത്രിയായില്ലേ?'- എന്നായിരുന്നു മാസ്റ്റേഴ്സ് ഗയിംസ് ജില്ലാപ്രസിഡന്റും മന്ത്രിക്കൊപ്പം പണ്ട് കായിക മത്സരങ്ങളിൽ പങ്കെടുത്ത സുഹൃത്തുമായ ഡിങ്കി ഡിക്രൂസിന്റെ കമന്റ്.